ബങ്കളം (കാസർകോട് ): വാദ്യകലയിൽ വിസ്മയം തീർക്കുന്ന മടിക്കൈ ഉണ്ണികൃഷ്ണന് കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം. പതിമൂന്നാം വയസിൽ തായമ്പകയിൽ അരങ്ങേറ്റം കുറിച്ച കലാകാരൻ മൂന്നര പതിറ്റാണ്ടിലേറെയായി വാദ്യ കലയിൽ കൊട്ടി കയറുകയായിരുന്നു. നീണ്ട കാലത്തെ സപര്യയ്ക്കാണ് പുരസ്‌കാരം തേടിയെത്തിയത്. വലിയ വീട്ടിൽ കമ്മാര മാരാരുടെയും അമ്മ കിഴിക്കിലോട്ട് കുഞ്ഞിപ്പെണ്ണിന്റെയും മകനായ ഈ 49 കാരന്റെ ഗുരുനാഥനും അച്ഛൻ തന്നെയായിരുന്നു. പിന്നീട് മഡിയൻ കാളവീട്ടിൽ കൃഷ്ണൻ കുട്ടി മാരാരുടെ കീഴിൽ ഉപരിപഠനം. മേളം, തിടമ്പ് നൃത്ത വാദ്യം എന്നിവയിൽ പ്രാവീണ്യം നേടി. വാദ്യ കലയിലെ എല്ലാ സങ്കേതങ്ങളിലും തനത് വാദന രീതി അവലംബിക്കുന്നു. 2005 ൽ തിടമ്പ് നൃത്ത താള ഘടനയിൽ പഞ്ചാരി ചുവട് വിപുലീകരിച്ചു സമഗ്രമായി അവതരിപ്പിച്ചു. ഈ ഉദ്യമം കേരള കലാമണ്ഡലത്തിലും സംഗീത നാടക അക്കാദമിയിലും ദൂരദർശനിലും അവതരിപ്പിച്ചു കലാകേരളത്തിന്റെ അംഗീകാരം നേടി. വാദ്യകലയുടെ തമ്പുരാൻ പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉൾപ്പെടെ കലാ വിദഗ്ധർ ഈ ഉദ്യമത്തെ സ്ലാഘിച്ചു. കേരളത്തിലും പുറത്തും നിരവധി വേദികളിൽ ആദരവും അംഗീകാരവും ലഭിച്ചു. കഴിഞ്ഞ സംസ്ഥാന കലോത്സവ പ്രചാരണത്തിന് 60 കുട്ടികളെ പഞ്ചാരി മേളം പരിശീലിപ്പിച്ചു ശ്രദ്ധ നേടി. ജില്ലാതലത്തിൽ ജനകീയ സംഗീത പ്രസ്ഥാനം നൽകുന്ന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. മടിക്കൈ ചാളക്കടവ് പോത്തംകൈ സ്വദേശിയായ ഇദ്ദേഹം മടിക്കൈ സഹകരണ ബാങ്കിന്റെ ബങ്കളം ബ്രാഞ്ചിലെ ജീവനക്കാരനാണ്. ഭാര്യ: സരിത, മക്കൾ: ചിത്രവീണ, അഞ്ജിത, കൃഷ്ണജ