കോഴിക്കോട്: കുന്ദമംഗലം ഗവ. കോളേജിന് ഓഡിറ്റോറിയം നിർമ്മിക്കാൻ 92 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചെന്ന് പി.ടി.എ റഹീം എം.എൽ.എ അറിയിച്ചു. ജിംനേഷ്യത്തോട് ചേർന്നാണ് നിർമ്മിക്കുക. ചാത്തമംഗലം പഞ്ചായത്ത് വെള്ളന്നൂർ കോട്ടോൽകുന്നിൽ വാങ്ങിയ 5.10 ഏക്കർ സ്ഥലത്താണ് കോളേജ് പ്രവർത്തിക്കുന്നത്. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 3.25 കോടി രൂപ ചെലവിൽ നിർമ്മിച്ച അക്കാഡമിക് ബ്ലോക്കിലാണ് ക്ലാസ് നടക്കുന്നത്. രണ്ടാം ഘട്ടമായി അഞ്ച് കോടി രൂപയുടെ പ്രവൃത്തി പുരോമഗിക്കുന്നുണ്ട്. ഇതിന് കിഫ്ബി മുഖേന പത്ത് കോടി രൂപ അനുവദിച്ചിട്ടുണ്ട്. കുടിവെള്ള പദ്ധതിക്കായി അനുവദിച്ച 15 ലക്ഷം രൂപയുടെ പദ്ധതി പൂർത്തീകരിച്ചിട്ടുണ്ട്. 70 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന ആധുനിക ടർഫ് പ്രവൃത്തിയും പുരോഗമിക്കുന്നു. ഭാവിയിൽ തൊഴിൽ സാദ്ധ്യതയുള്ള കൂടുതൽ കോഴ്‌സുകൾ ആരംഭിക്കുമെന്ന് എം.എൽ.എ പറഞ്ഞു.