കോഴിക്കോട്: ഇടതു സർക്കാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ആയിരത്തോളം കേന്ദ്രങ്ങളിൽ നടത്തിയ പാതയോര പ്രതിഷേധത്തിൽ കാൽ ലക്ഷം പേർ അണിനിരന്നതായി ജില്ലാ ഭാരവാഹികൾ പറഞ്ഞു.

ഉദ്ഘാടനം മുതലക്കുളത്ത് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് നിർവഹിച്ചു. പിണറായി സർക്കാർ അനിവാര്യമായ പതനത്തിന്റെ വഴിയിലാണെന്നും മതവികാരം ഇളക്കിവിട്ട് രക്ഷപ്പെടാനുള്ള നീക്കം വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പരിധി വിട്ട് കെ.ടി. ജലീലിനെ സംരക്ഷിക്കുകയാണ്. ബി.ജെ.പി ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറയാൻ കഴിയുന്നില്ല. അതിനിടെ സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് ഒരു മന്ത്രിയുടെ പേരു കൂടി ഉയർന്നുവരുന്നുണ്ട്. ഈ സാഹചര്യത്തിൽ ജനശ്രദ്ധതിരിച്ചു വിടാൻ മതത്തെ കൂട്ടുപിടിക്കുകയാണ് സിപിഎം.

ഇപ്പോൾ നടക്കുന്ന സമരങ്ങൾ ഖുർആന് എതിരാണെന്ന് വരുത്താനാണ് സി.പി.എം ശ്രമിക്കുന്നത്. എക്കാലത്തും മതത്തെ കൂട്ടുപിടിച്ച് രക്ഷപ്പെടാനാണ് സി.പി.എം ശ്രമിച്ചത്. എന്നാൽ ഇത്തവണ അതു നടക്കില്ലെന്നും പൊതുജനം സത്യം മനസ്സിലാക്കുന്നുണ്ടെന്നും രമേശ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് വി.കെ. സജീവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എം. മോഹനൻ, കാമരാജ് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സന്തോഷ് കാളിയത്ത്, എൽ.ജെ.പി ജില്ലാ പ്രസിഡന്റ് വിജു ഭാരത്, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി സംസ്ഥാന സെക്രട്ടറി പീടികക്കണ്ടി മുരളികുമാർ, ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി സുനിൽ കുമാർ പുത്തൂർമഠം, കെ. രജിനേഷ് ബാബു എന്നിവർ സംസാരിച്ചു. ജില്ലാ കമ്മറ്റി അംഗങ്ങളായ പി. വേലായുധൻ, ഒ. ഗിരീഷ്‌കുമാർ, സാബു കൊയ്യേരി, ന്യൂനപക്ഷ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് റിഷാൽ, കൃപേഷ്, നിപിൻ കൃഷ്ണൻ, അമൃത ബിന്ദു, പുണ്യ രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകി.