covid
കൊവിഡ്

കാസർകോട്‌: നഗരസഭാ ഓഫീസിലെ കൊവിഡ്‌ വ്യാപന വിവാദത്തിൽ ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി വരുന്നു. നഗരസഭയിലെ 36 പേർക്ക് കൊവിഡ്‌ സ്ഥിരീകരിച്ച സംഭവം മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്ന് ആരോപിച്ചാണ് നടപടി. റവന്യു ഓഫീസർ, രജിസ്‌ട്രാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എന്നിവർക്കെതിരെയാണ്‌ നടപടിക്കൊരുങ്ങുന്നത്‌.

കൊവിഡ്‌ പ്രതിരോധത്തിൽ പറ്റിയ വീഴ്ച പുറത്തു വന്നിരുന്നു. നഗരസഭയുടെ വീഴ്‌ച സംബന്ധിച്ച വിവരം വാട്സ് ആപ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തതിന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രൂപേഷിനും നഗരസഭാ രജിസ്ട്രാർ കൂടിയായ ഹെൽത്ത് ഇൻസ്‌പെക്ടർ മധുസൂദനനും മെമ്മോ നൽകി. അതിനിടെ പത്ത്‌ ആവശ്യങ്ങളുയർത്തി ജീവനക്കാർ ചെയർപേഴ്സണും സെക്രട്ടറിക്കും കഴിഞ്ഞാഴ്‌ച നിവേദനം നൽകി. എന്നാൽ ജീവനക്കാരെ അധിക്ഷേപിക്കുന്ന സമീപനമാണ്‌ ഉണ്ടായതെന്ന് പറയുന്നു.

ഇതിനെതിരെ കഴിഞ്ഞ ദിവസം നടന്ന സ്‌റ്റിയറിംഗ് കമ്മിറ്റിയിൽ റവന്യു ഓഫീസർ റംസി ഇസ്മായിൽ പ്രതികരിച്ചു. അടുത്ത ദിവസം ആരോഗ്യപരമായ കാരണങ്ങളാൽ മൂന്നുദിവസത്തെ അവധി ആവശ്യപ്പെട്ട റവന്യു ഓഫീസറുടെ ലീവ് നിരസിച്ച്‌ തെരഞ്ഞെടുപ്പിന്റെ പേര് പറഞ്ഞ് അച്ചടക്ക നടപടിക്കായി കളക്ടർക്കും നഗരകാര്യ ഡയറക്ടർക്കും ശുപാർശ ചെയ്‌തിരിക്കുകയാണ്‌. നഗരസഭയുടെ റവന്യു വരുമാനം വർധിപ്പിക്കുന്നതിൽ മികച്ച ഇടപെടലാണ് ഇപ്പോഴത്തെ റവന്യു ഓഫീസർ നടത്തിയിട്ടുള്ളത്‌. വർഷങ്ങളായി നികുതിയടക്കാതെ തടി തപ്പിയവർക്കെതിരെ കടുത്ത നടപടിയാണ്‌ റവന്യൂ ഓഫീസർ സ്വീകരിച്ചത്‌. ഹെൽത്ത്‌ സൂപ്പർവൈസർ, സൂപ്രണ്ട്‌ തുടങ്ങിയവർ മുതൽ ശുചീകരണത്തൊഴിലാളികൾ വരെയുള്ളവർക്ക്‌ രോഗം പിടികൂടിയതിനാൽ മുഴുവൻ ജീവനക്കാരും കൗൺസിലർമാരും സ്രവപരിശോധന നടത്തണമെന്ന ആരോഗ്യവകുപ്പ്‌ നിർദേശം കാസർകോട് അവഗണിച്ചു. ഒരാഴ്‌ചയോളം അടച്ചിട്ട ഓഫീസ്‌ തുറന്നു പ്രവർത്തിക്കുമ്പോൾ കൊവിഡ്‌ സ്രവപരിശോധന നടത്തി നെഗറ്റീവായവർ മാത്രമേ എത്താൻ പാടുള്ളൂവെന്ന്‌ ജീവനക്കാർ ആവശ്യപ്പെട്ടു.