നീലേശ്വരം: മലയോരത്തെ കിനാനൂർ -കരിന്തളം പഞ്ചായത്തിലെ ചൂരിപ്പാറ ശ്മശാന നവീകരണം ഇഴയുന്നു.
25 വർഷം മുമ്പാണ് ഇവിടെ പൊതുശ്മശാനം നിർമ്മിച്ചത്. അന്ന് ചുറ്റുമതിലടക്കമുള്ള സംവിധാനങ്ങൾ പണിതു. രണ്ട് വർഷം മുൻപാണ് ആധുനിക രീതിയിലുള്ള ശ്മശാനം പണിയാൻ തുടങ്ങിയത്. എന്നാൽ പുകക്കുഴൽ കൊണ്ടിട്ടതോടെ പണി നിലച്ചു. പ്രധാനവഴിയിൽ മഴപെയ്താൽ വെള്ളക്കെട്ടാണ്. ശ്മശാനത്തിന് സമീപം പലരും ഭക്ഷണാവശിഷ്ടങ്ങളും തള്ളുന്നുണ്ട്. തെരുവുനായ ശല്യവും രൂക്ഷമാണ്. അടച്ചുറപ്പുള്ള ഗേറ്റ് ഇല്ലാത്തതിനാൽ രാത്രിയിൽ അന്യ നാടുകളിൽ നിന്നും മൃതദേഹം എത്തിച്ച് സംസ്കരിക്കുന്നുണ്ട്. മൃതദേഹം പൂർണമായി കത്തിത്തീരും മുൻപെ അവർ സ്ഥലം വിടുന്നതോടെ ദുർഗന്ധം രൂക്ഷമാണെന്ന് പരിസരവാസികൾ ആരോപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ. വിധുബാലയുടെ നിർദ്ദേശ പ്രകാരം വാർഡ് മെമ്പർ ബീനാ കുമാരിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന് ശ്മശാന സംരക്ഷണ സമിതി രൂപീകരിച്ചു.