bridge
കൂട്ടുപുഴ പാലം

കൂട്ടുപുഴ: കർണ്ണാടകയുടെ കണ്ണുകടിയിൽ കുടുങ്ങി പാതിയിൽ നിലച്ച കൂട്ടുപുഴ പാലം അടുത്ത വർഷത്തോടെ പൂർത്തിയാക്കാൻ സാധിച്ചേക്കും. തലശ്ശേരി -വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന ഏഴു പാലങ്ങളിൽ ഒന്നാണിത്. ഇരിട്ടി അടക്കം മറ്റ് ആറ് പാലങ്ങളുടെ നിർമ്മാണം ഈ വർഷം തന്നെ പൂർത്തിയാകും.

ഇതിൽ ഏറ്റവും വലിയ പാലമായ ഇരിട്ടി പാലത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. 2017ൽ നിർമ്മാണം തുടങ്ങിയിരുന്നെങ്കിലും കൂട്ടുപുഴ പാലം നിർമ്മിക്കുന്നതിൽ ഒരു ഭാഗം തങ്ങളുടേതാണെന്ന് വാദിച്ച് കർണാടക വനം വകുപ്പ് നിർമ്മാണം തടയുകയായിരുന്നു. ഏപ്രിലിൽ നാഷണൽ വൈൽഡ് ലൈഫ് ബോർഡ് നിർമ്മാണത്തിന് അനുമതി നൽകിയതോടെയാണ് അനിശ്ചിതത്വം നീങ്ങിയത്. ഇനി കർണാടകയുടെ ഭാഗത്തുള്ള തൂണുകളും അപ്രോച്ച് റോഡും നിർമ്മിക്കേണ്ടി വരും. എന്നാൽ വീണ്ടും പുതിയ ഉടക്കുമായി കർണ്ണാടക വരുമോയെന്നാണ് ആശങ്ക.

1928ൽ ബ്രിട്ടീഷുകാർ നിർമ്മിച്ച പഴയ പാലത്തിലൂടെയാണ് ഇപ്പോൾ വാഹനങ്ങൾ കടക്കുന്നത്. ഇതാകട്ടെ ബസുകൾക്കും ലോറികൾക്കും പ്രയാസമാണ്. അര കിലോമീറ്റർ മാറിയുള്ള പുതിയ പാലം വന്നാൽ കുപ്പിക്കഴുത്ത് പോലെയുള്ള പഴയ പാലത്തിൽ നിന്നും മോചനമാകും. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കുടഗ് അടക്കമുള്ള മേഖലയിൽ നിന്നും ആളുകൾ വരുമെന്നതാണ് കർണ്ണാടക ലോബിയെ പ്രകോപിപ്പിക്കുന്നത്.