quarry
കരിങ്കൽ ക്വാറിയിലെ മത്സ്യകൃഷി

കൂത്തുപറമ്പ്: കൊവിഡ് കാലത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കൃഷിയിലേക്ക് ഇറങ്ങണമെന്ന സർക്കാർ ആഹ്വാനം ജനം ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. മത്സ്യ വളർത്തൽ രംഗത്തും ഇതേ മാറ്റങ്ങളുണ്ട്. പരമാവധി സാദ്ധ്യതകൾ പ്രയോജനപ്പെടുത്തിയാണ് പ്രാദേശികമായുള്ള ഇടപെടൽ. ഖനനം നടത്താൻ പ്രതിസന്ധിയുള്ള ക്വാറികളിലൊക്കെ ഇപ്പോൾ മീൻ വളർത്തൽ ആരംഭിച്ചിരിക്കുകയാണ്.

ഫിഷറീസ് ഡിപ്പാർട്ട്മെന്റിന്റെ സഹായത്തോടെ വേങ്ങാട്,വട്ടിപ്രം മേഖലയിലാണ് കൂട് മത്സ്യകൃഷി വ്യാപകമായത്. നാൽപ്പതോളം കരിങ്കൽ ക്വാറികൾ ഇവിടെ ഉപേക്ഷിച്ചവയാണ്. ഇതിൽ പലതും രണ്ടേക്കർ വരെ വിസ്താരമുള്ളതും 40 മീറ്റർ വരെ ആഴമുള്ളതുമാണ്. കടുത്ത വേനലിൽപ്പോലും വെളളമുണ്ടാകും. ഇതാണ് മത്സ്യകൃഷി ആരംഭിക്കാൻ കർഷകർക്ക് പ്രേരണയായിട്ടുള്ളത്.

ആദ്യഘട്ടത്തിൽ വട്ടിപ്രത്തെ പത്ത് ക്വാറികളിലാണ് മത്സ്യകൃഷി ആരംഭിച്ചത്. കരിമീൻ, തിലോപ്പി തുടങ്ങിയവയാണ് ഇറക്കുന്നത്.