tunel
തുരങ്കപാത

തിരുവമ്പാടി: കോഴിക്കോട് -വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി -മേപ്പാടി തുരങ്കപാത പദ്ധതിയുടെ ഔദ്യോഗിക ലോഞ്ചിംഗിന്റെ ഭാഗമായി സ്വാഗതസംഘം രൂപീകരിച്ചു. ഒക്ടോബർ അഞ്ചിന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെയാണ്‌ ലോഞ്ചിംഗ് നിർവഹിക്കുക. ധനമന്ത്രി തോമസ് ഐസക്, പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ എന്നിവർ സംബന്ധിക്കും.

തിരുവമ്പാടി ബസ് സ്റ്റാൻഡ് പരിസരത്ത് ഒരുക്കുന്ന ചടങ്ങിൽ തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ, ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ, താമരശ്ശേരി രൂപത ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയൽ, എം എൽ എ മാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കൊങ്കൺ റെയിൽവേ അധിക്യതർ തുടങ്ങിയവർ പങ്കെടുക്കും. കൊവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിച്ചായിരിക്കും ചടങ്ങ്. പൊതുജനങ്ങൾക്കായി പരിപാടിയുടെ തത്സമയ സംപ്രേഷണമുണ്ടാവും.

സ്വാഗതസംഘ രൂപീകരണ യോഗത്തിൽ ജോർജ് എം.തോമസ് എം എൽ എ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ പി ടി അഗസ്റ്റിൻ, ലിസി ചാക്കോ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ ആർ ഗോപാലൻ, ടോമി കൊന്നക്കൻ, ബോസ് ജേക്കബ്, വിത്സൺ താഴത്തുപറമ്പിൽ, വിവിധ രാഷ്ട്രീയ പാർടിപ്രതിനിധികളായ ടി വിശ്വനാഥൻ, ബാബു പൈക്കാട്ടിൽ, ജോളി ജോസഫ്, ജോയി മ്ലാങ്കുഴി, കെ എ അബ്ദുറഹ്മാൻ, പി സി ഡേവിഡ്, സുനിൽ മുട്ടത്തു കുന്നേൽ, സി എൻ പുരുഷോത്തമൻ, ഗണേഷ് ബാബു, ബാബു കളത്തൂർ തുടങ്ങിയവർ പങ്കെടുത്തു.

ജോർജ് എം തോമസ് എം എൽ എ ചെയർമാനും തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിൻ ജനറൽ കൺവീനറും ടി വിശ്വനാഥൻ ട്രഷററുമായി 501 അംഗ സംഘാടക സമിതിയാണ് രൂപീകരിച്ചത്.