പേരാമ്പ്ര: ചങ്ങരോത്ത് കടിയങ്ങാട് ടൗണിലും പരിസരങ്ങളിലും തെരുവ് വിളക്കുകൾ കണ്ണടച്ചതോടെ നാട് ഇരുട്ടിൽ. ഇതു മൂലം വിവിധ സ്ഥലങ്ങളിലേക്ക് പോകാനായി ഇവിടെയെത്തുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാർ പ്രയാസം നേരിടുകയാണ്. വഴി വിളക്കുകൾ കത്തുന്നില്ലെങ്കിലും മാസം തോറും നല്ലൊരു തുക വൈദ്യുത ചാർജിനത്തിൽ നൽകണമെന്നാണ് പരിസരവാസികൾ പറയുന്നത്. ടൗണിലും പരിസരത്തുമായി നേരത്തെ സ്ഥാപിച്ച സോളാർ ലാമ്പുകളും പ്രവർത്തിക്കുന്നില്ല. ടൗൺ നവീകരണത്തിന്റെ ഭാഗമായാണ് എം.എൽ.എ. യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ലക്ഷങ്ങൾ മുടക്കി വിളക്കുകൾ സ്ഥാപിച്ചത്. ഇവ മാറ്റി പുതിയവ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.