s
സ്വാമി നരസിംഹാനന്ദ

കോഴിക്കോട്: പാവപ്പെട്ടവർക്ക് വിദ്യാഭ്യാസം തീർത്തും നിഷിദ്ധമായിരുന്ന നാളുകൾ. പള്ളിക്കൂടത്തിന്റെ വഴിയേ കണ്ണോടിക്കാനാവില്ല മുസ്ലീം പെൺകുട്ടികൾക്ക്. അങ്ങനെയൊരു കാലത്ത് നാടിനാകെ അക്ഷരവെളിച്ചം ചൊരിഞ്ഞായിരുന്നു ആശ്രമം സ്‌കൂളിന്റെ ഉദയം. വിദ്യാഭ്യാസം സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവരുടെയും ജന്മാവകാശമെന്ന് പതിറ്റാണ്ടുകൾക്കപ്പുറത്ത് തന്നെ സ്ഥാപിച്ചെടുക്കാൻ കഴിഞ്ഞു ഈ വിദ്യാലയത്തിന്. വളർച്ചയുടെ നാഴികക്കല്ലുകൾ താണ്ടി രാമകൃഷ്ണ മിഷൻ ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് ഉയർന്ന ആശ്രമ വിദ്യാലയം പുതുയുഗത്തിന്റെ പാതയിലേക്ക് കടക്കുകയാണ്. സമഗ്ര നവീകരണ പദ്ധതിയ്ക്ക് ഏറെ വൈകാതെ തുടക്കമിടും. നാലഞ്ചു വർഷത്തിനിടയിൽ 20 കോടി രൂപയുടെ പ്രവൃത്തികളാണ് നടപ്പാക്കുക.

വിരലിലെണ്ണാവുന്ന കുട്ടികളുമായി കൊച്ചു ഗുരുകുലത്തിൽ നിന്നായിരുന്നു കോഴിക്കോട്ടെ പഴക്കം ചെന്ന വിദ്യാലയങ്ങളിലൊന്നായ ആർ.കെ മിഷൻ സ്കൂളിന്റെ തുടക്കം. കുറഞ്ഞ കാലത്തിനിടയിൽ തന്നെ ജില്ലയിലെ എയ്‌ഡഡ് സ്കൂളുകളുടെ ശ്രേണിയിൽ മുൻനിരയിലെത്താൻ ഈ സ്ഥാപനത്തിനു കഴിഞ്ഞു. ശ്രീരാമകൃഷ്ണ പരമഹംസരുടെ ശിഷ്യപരമ്പരയിൽ പെട്ട സ്വാമി വിപാപ്‌മാനന്ദയുടെ നേതൃത്വത്തിൽ ആരംഭിച്ച ആശ്രമം സ്‌കൂൾ ഒരു കാലത്ത് നുറുങ്ങ് കവിതകളുടെ ആശാൻ കുഞ്ഞുണ്ണി മാഷുടെ വിദ്യാലയം എന്ന പേരിലും പെരുമയാർജ്ജിക്കുകയായിരുന്നു..

കോഴിക്കോട്ട് ചാലപ്പുറത്ത് 1930-ൽ രൂപം കൊണ്ട വേദാന്തസംഘം 1943-ൽ സ്വാമി വിപാപ്‌മാനന്ദ ഇവിടെയെത്തിയതിനു പിറകെ രാമകൃഷ്ണ മിഷന് കൈമാറിയതോടെയാണ് ഗുരുകുലത്തിന്റെ പിറവി. വേദാന്ത വിശേഷം സമർപ്പിതരായ സന്യാസിമാരിലൂടെ ലോകമെമ്പാടും എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന രാമകൃഷ്ണ മിഷന് ജാതി, മത, വർഗ, വർണ ചിന്തകൾക്കതീതമായി എല്ലാവരും ഈശ്വരരൂപങ്ങൾ തന്നെ എന്ന കാഴ്പപ്പാടാണ്.

കോഴിക്കോട്ട് 1945-ൽ പടർന്ന കോളറയിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട ആറു കുട്ടികളുമായാണ് മിഷൻ ഇവിടെ ഗുരുകുലം സ്ഥാപിച്ചത്. 1963-ൽ സ്വാമി വിവേകാനന്ദന്റെ ജന്മശതാബ്ദി നാളിൽ അദ്ദേഹത്തിന്റെ സമ്പൂർണ കൃതികളുടെയും ശ്രീരാമകൃഷ്ണന്റെ സുവിശേഷത്തിന്റെയും മലയാള വിവർത്തനം കോഴിക്കോട്ടെ സേവാശ്രമത്തിൽ നടന്നത് ശ്രദ്ധേയമായിരുന്നു. വിപാപ്‌മാനന്ദ സ്വാമിജി അതിനിടയ്ക്ക് പാവപ്പെട്ട് കുട്ടികൾക്കു പുറമെ പയ്യാനക്കൽ, കണ്ണ‍ഞ്ചേരി, മീഞ്ചന്ത, നല്ലളം എന്നിവിടങ്ങളിലെ മുസ്ലീം പെൺകുട്ടികൾക്കും വിദ്യാഭ്യാസം ഉറപ്പാക്കാൻ നിരന്തരം ശ്രമിച്ചു. അങ്ങനെ നിരവധി കുട്ടികൾക്ക് അക്ഷരങ്ങളുടെ വിശാലമായ ലോകത്തേക്ക് കടക്കാൻ കഴിഞ്ഞു. വിപാപ്‌മാനന്ദ സ്വാമിജിയ്‌ക്കു ശേഷം 18 വർഷം സിദ്ധിനാഥാനന്ദ സ്വാമികളായിരുന്നു ആശ്രമത്തിന്റെ സെക്രട്ടറി. ആ കാലയളവ് വികസനത്തിന്റെ പുതിയ ഘട്ടത്തിന്റേതായിരുന്നു.

ഹൈസ്കൂളായതോടെ ആദ്യഘട്ടത്തിൽ 147 ആൺകുട്ടികളും 74 പെൺകുട്ടികളുമാണുണ്ടായിരുന്നത്. ഇപ്പോൾ എൽ.പി മുതൽ പ്ലസ് ടു വരെ ക്ലാസ്സുകളുണ്ട്. മൂവായിരത്തിലേറേ വരും വിദ്യാർത്ഥികൾ. അദ്ധ്യാപകർ ഏതാണ്ട് 120 പേർ. എസ്.എസ്. എൽ. സി വിജയശതമാനം 90 നു മുകളിലാണ്. പാഠ്യേതര പ്രവർത്തനങ്ങളിലും ഏറെ മികവ് പുലർത്തുന്നുണ്ട് സ്‌കൂൾ.

സ്വാമി നരസിംഹാനന്ദയാണ് ഇപ്പോൾ മാനേജർ. നേരത്തെ പ്രബുദ്ധഭാരതം ജേണലിന്റെ എഡിറ്ററായിരുന്നു ഇദ്ദേഹം. 23 വർഷമായി മിഷൻ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയാണ്.

ജി. മാനോനാണ് സ്കൂൾ ഇപ്പോൾ പ്രിൻസിപ്പൽ. കെ.കെ.മധു ഹൈസ്കൂൾ പ്രധാനദ്ധ്യാപകനും. പി.ആർ.സുഷ്‌മയാണ് എൽ.പി സ്കുൾ പ്രധാനാദ്ധ്യാപിക.

ഭിന്നശേഷിക്കാരെ ചേർത്ത് പിടിച്ച്...

വകഞ്ഞു മാറ്റാതെ, ഭിന്നശേഷി വിദ്യാർത്ഥികളെ സമൂഹത്തിന്റെ മുൻനിരയിലെത്തിക്കാൻ വിവിധ പദ്ധതികൾ ആവിഷ്കരിച്ചു വരികയാണ് രാമകൃഷ്‌ണ മിഷൻ. വിദ്യാർത്ഥികൾക്ക് മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിനായി വിപുലമായ ലൈബ്രറിയുമായി റീഡിംഗ് റൂം ഒരുക്കിയിട്ടുണ്ട്.

ആശ്രമത്തിന്റെ കീഴിലുള്ള ക്ലിനിക്ക് നിർധന രോഗികൾക്ക് വലിയ ആശ്വാസമാണ്. 2016-ലാണ് ഇത് നവീകരിച്ചത്. കഴിഞ്ഞ വർഷം കണ്ണഞ്ചേരിയിൽ സി. എച്ച്. സി ആരംഭിച്ചിട്ടുണ്ട്.

ആശ്രമത്തിൽ ധ്യാനപരിശീലനത്തിനു പുറമെ ഫിലോസഫിക്കൽ കൗൺസലിംഗ്, വെൽനെസ് സെന്റർ, ഫിസിയോതെറാപ്പി എന്നിവയ്ക്കും സൗകര്യമുണ്ട്. വാല്യൂ എജ്യൂക്കേഷൻ സെൻററും ഇവിടെ പ്രവർത്തിക്കുന്നു. സ്കുളിനോട് ചേർന്ന് ക്ഷേത്രവുമുണ്ട്.