മുക്കം: ജനം കൊവിഡ് ജാഗ്രത കൈവിട്ടപ്പോൾ പൊലീസ് ഇടപെടൽ കർശനമാക്കുന്നു. മുക്കം പൊലീസാണ് പട്രോളിംഗ് ഉൾപ്പെടെ കർശനമാക്കുന്നത്. ഗ്രൂപ്പുകളായി പട്രോളിംഗിന് ഇറങ്ങുന്നതോടൊപ്പം സ്വകാര്യ വാഹനങ്ങളിൽ മഫ്തി പട്രോളിംഗ് സംഘത്തെയും ഇറക്കും. മുക്കം മുനിസിപ്പാലിറ്റിയിലും കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളിലും കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.

ജനത്തിന്റെ ജാഗ്രതക്കുറവാണ് രോഗം വ്യാപിക്കുന്നതിനു കാരണമെന്ന് പൊലീസ് പറയുന്നു. പ്രായമായവരും കുട്ടികളും നിയന്ത്രണം പാലിക്കാതെ അങ്ങാടികളിലും വ്യാപാര സ്ഥാപനങ്ങളിലും കയറിയിറങ്ങുകയാണ്. ഇതിനെതിരെ നടപടി കർശനമാക്കുമെന്നും പൊലീസ് അറിയിച്ചു. കൊവിഡ് പിടിപെട്ടാൽ ചികിത്സയിലൂടെ രക്ഷ നേടാമെന്നാണ് പലരും കരുതുന്നത്. എന്നാൽ പ്രായമായവർക്കും കുട്ടികൾക്കും മറ്റ് ഏതെങ്കിലും അസുഖമുള്ളവർക്കും കൊവിഡ് ബാധിച്ചാൽ ജീവൻ നഷ്ടപ്പെടാൻ വരെ സാദ്ധ്യതയുണ്ടെന്നും ഈ രോഗത്തിന് മരുന്ന് കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് ഓർമിപ്പിച്ചു.