rain
ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ സുരക്ഷാ ദൗത്യത്തിന് ആർ കോണത്തിൽ നിന്ന് കോഴിക്കോട് എത്തിയ എൻ.ഡി.ആർ.എഫ് നാലാം ബറ്റാലിയൻ

കോഴിക്കോട്: തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ കടുത്ത ആശങ്കയിൽ. നഗരപ്രദേശങ്ങളിലും മലയോരങ്ങളിലുമെല്ലാം വിട്ടൊഴിയാത്ത മഴയാണ് കഴിഞ്ഞ രണ്ടു ദിവസമായി. മഴ ശക്തിപ്പെട്ടതോടെ തൃശൂരിൽ നിന്ന് ദേശീയ ദുരന്ത നിവാരണസേനയുടെ 20 പേരടങ്ങിയ സംഘം ജില്ലയിലെത്തിയിട്ടുണ്ട്.

വടകരയിൽ 97 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ഈ മേഖലയിലാണ്. കോഴിക്കോട്ട് 37.7 മില്ലിമീറ്ററും കൊയിലാണ്ടിയിൽ 49 മില്ലിമീറ്ററും മഴ പെയ്തു. ശനിയാഴ്ച രാവിലെ എട്ടര മുതൽ വൈകിട്ട് അഞ്ചര വരെ കോഴിക്കോട്ട് 34 മില്ലിമീറ്റർ മഴ പെയ്തു.

മഴയിലും കാറ്റിലും കണ്ണാടിക്കലിൽ മരം വീണ് വീട് തകർന്നു. ചാലിയാർ, പൂനൂർ പുഴ, ഇരുവഞ്ഞി, കല്ലായി പുഴ, കുറ്റ്യാടി പുഴ, കോരപ്പുഴ എന്നീ നദികളിലെല്ലാം ജലനിരപ്പ് ഗണ്യമായി ഉയർന്നു. റോഡുകളിലെ വെള്ളക്കെട്ട് കാരണം പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു.

നഗരത്തിൽ മാവൂർ റോഡ്, സ്റ്റേഡിയം ജംഗ്ഷൻ, പാവമണി റോഡ് എന്നിവടങ്ങളിൽ വെള്ളം വല്ലാതെ കയറി.

മൂന്നു ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. ജില്ലയിൽ 21 വരെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. 22ന് യെലോ അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115. 6 മില്ലീമീറ്റർ മുതൽ 204. 4 മില്ലീമീറ്റർ വരെ മഴയുണ്ടാവാൻ സാദ്ധ്യതയുണ്ട്.

താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. 2018, 2019 വർഷങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിലുള്ളവരും ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിദഗ്‌ധ സമിതിയും അപകടസാദ്ധ്യതയുള്ളതെന്ന് കണ്ടെത്തിയ സ്ഥലങ്ങളിലെ തദ്ദേശ സ്ഥാപനങ്ങൾ തയ്യാറെടുപ്പുകൾ പൂർത്തീകരിക്കണമെന്നു കളക്ടർ നിർദ്ദേശിച്ചു.