കുറ്റ്യാടി: മികച്ച സേവനം നൽകുന്ന കുറ്റ്യാടി താലൂക്ക് ആശുപത്രിയ്ക്കെതിരെ ചിലർ ഉയർത്തുന്ന വെല്ലുവിളി ജനങ്ങൾ പ്രതിരോധിക്കണമെന്ന് എച്ച്.എം.സി യോഗം ആവശ്യപെട്ടു. കുപ്രചരണം നടത്തിയും ആശുപത്രിയിൽ ബഹളമുണ്ടാക്കിയും ജീവനക്കാരുടെ മനോവീര്യം തകർത്താൽ അത് പ്രവർത്തനത്തെ ബാധിക്കും. ആശുപത്രിയിൽ ജീവനക്കാരെ കൈയേറ്റം ചെയ്തതിലും വ്യാജ പ്രചരണങ്ങൾ അഴിച്ചു വിട്ടതിലും യോഗം പ്രതിഷേധിച്ചു. പാമ്പ് കടിയേറ്റ് അവശനായ വിദ്യാർത്ഥിയ്ക്ക് മികച്ച ചികിത്സ നൽകി ജീവൻ രക്ഷിച്ച ആരോഗ്യ പ്രവർത്തകരെ യോഗം അനുമോദിച്ചു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്ത്, കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് സി.എൻ ബാലകൃഷ്ണൻ, ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ തായന ബാലാമണി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശ്രീനിജ, കെ. ശശീന്ദ്രൻ, ടി.കെ മോഹൻദാസ്, പി. രാധാകൃഷ്ണൻ, ശ്രീജേഷ് ഊരത്ത്, ബോബി മൂക്കൻ തോട്ടം, ബിജു കായക്കൊടി, കെ.പി ചന്ദ്രി, വി. ബാലൻ, ആശുപത്രി സൂപ്രണ്ട് അനൂപ് ബാല ഗോപാൽ, ആർ.എം.ഒ ഷാജഹാൻ, ടി.എൻ സുധി, പി.ആർ.ഒ സിനില തുടങ്ങിയവർ പങ്കെടുത്തു.