കോഴിക്കോട്: കൊവിഡ് പ്രതിസന്ധിയിൽ വലയുന്നതിനിടയിൽ എൽ.പി.ജി യ്ക്ക് തോന്നിയ വില ഈടാക്കാൻ കൂടി തുടങ്ങിയതോടെ ഓട്ടോ തൊഴിലാളികൾക്ക് ദുരിതമൊഴിയുന്നില്ല. നഗരത്തിലും പരിസരങ്ങളിലുമായി സരോവരം, പുതിയങ്ങാടി, കുണ്ടായിത്തോട്, മുക്കം, പയ്യോളി എന്നിവിടങ്ങളിലാണ് എൽ. പി. ജി ബങ്കുള്ളത്. ഇവിടങ്ങളിൽ ഓരോരിടത്തും ഓരോ നിരക്കാണിപ്പോൾ.
പഴയ പോലെ യാത്രക്കാരില്ലെന്ന പ്രശ്നത്തിനു പുറമെ എൽ.പി.ജി യ്ക്ക് കൂടിയ നിരക്ക് കൂടിയാവുമ്പോൾ ദുരിതമേറുകയാണെന്ന് ഓട്ടോ തൊഴിലാളികൾ പറയുന്നു. ജില്ലയിലെ ആയിരത്തോളം എൽ.പി.ജി ഓട്ടോകളുണ്ട്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളാണ് വിലവർദ്ധന പ്രകടമായി വന്നത്. ടോട്ടൽ ഗ്യാസിൽ നിരക്ക് ഉയർത്തിയപ്പോൾ തൊഴിലാളി യൂണിയൻ ഇടപെട്ടതോടെ വിലയിൽ മാറ്റം വരുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ടോട്ടൽ ഗ്യാസിൽ 37.93 രൂപയാണ് നിരക്ക്. അതേസമയം, റിലയൻസ് ബങ്കിൽ 39.58 രൂപയാണ് വില. ഇപ്പോഴും റിലയൻസ് നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്. റിലയൻസ് ബങ്കിൽ നിന്ന് ബില്ല് ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്.
വിലയിൽ ഏകീകരണം നടപ്പാക്കുക, ബില്ലുകൾ കൃത്യമായി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സിവിൽ സപ്ലൈസ് അധികൃതർക്ക് പരാതി സമർപ്പിച്ചിരിക്കുകയാണ് തൊഴിലാളി സംഘടനകൾ. എല്ലാ മാസവും ഒന്നിന് ഗ്യാസ് വിലയിൽ മാറ്റം വരാറുണ്ട്. അതനുസരിച്ചാണ് ജില്ലയിലെ റിലയൻസ്, ടോട്ടൽ, എച്ച്.പി ബങ്കുകളിൽ മാറ്റം വരുത്തുന്നത്. കഴിഞ്ഞ ദിവസം നഗരത്തിലെ റിലയൻസ് ബങ്കുകളിൽ ഗ്യാസ് സ്‌റ്റോക്കുണ്ടായിരുന്നില്ല. പുതിയ സാഹചര്യത്തിൽ സ്‌റ്റോക്ക് തീരുന്നതിന് ദിവസങ്ങൾക്കു മുമ്പ് ബുക്ക് ചെയ്യതാൽ മാത്രമേ സമയത്തിന് ഇന്ധനം ലഭിക്കുക. ലോഡ് എത്താൻ വൈകുമ്പോൾ ഇന്ധനം കിട്ടാതെ നെട്ടോട്ടമോടേണ്ടി വരികയാണ് ഓട്ടോ തൊഴിലാളികൾക്ക്.
" നിരക്ക് കൂടുമ്പോൾ എല്ലാ ബങ്കുകാരും നയാപൈസ തെറ്റാതെ നടപ്പാക്കുന്നുണ്ട്. എന്നാൽ വില കുറയുമ്പോൾ അത് ഒരുപോലെ നടപ്പാക്കുന്നില്ല. ജില്ലയിൽ നിരക്കിൻറെ കാര്യത്തിൽ ഏകീകരണം അത്യാവശ്യമാണ്. എല്ലാ ബങ്കുകാരും ബില്ല് നൽകേണ്ടതുമുണ്ട്.
സജീവ് കുമാർ,
ഓട്ടോ ഡ്രൈവർ
ഇപ്പോഴത്തെ വില
റിലയൻസ് - 39.58
ടോട്ടൽ - 37.93