ചാലിയർ പുഴ, ഇരുവഞ്ഞി, കല്ലായി പുഴ, ചെറുപുഴ, മുത്തപ്പൻ പുഴ, കുറ്റ്യാടി പുഴ, കോരപ്പുഴ എന്നീ നദികളിലെല്ലാം ജലനിരപ്പ് ഉയർന്നു. ശനിയാഴ്ച രാത്രി ആരംഭിച്ച മഴയ്ക്ക് ഇന്നലെ ഉച്ചയോടെ നേരിയ ശമനമുണ്ടായിരുന്നു. എന്നാൽ വൈകിട്ടോടെ മഴ കനത്തു. ഇതോടെ നഗരത്തിലെ റോഡുകളിൽ വെള്ളകെട്ട് രൂക്ഷമായി. മാവൂർ റോഡ്, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ, അരയിടത്തുപാലം ജംഗ്ഷൻ, ശ്രീകണ്ഠേശ്വര ക്ഷേത്രം, പാളയം റോഡ്, എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായത്. കാൽ നടയാത്രക്കാരും, ഇരുചക്ര വാഹന യാത്രികരുമാണ് ബുദ്ധിമുട്ടിലായത്.
റോഡിൽ വെള്ളം കയറിയതിനാൽ ഗതാഗതകുരുക്കും അനുഭവപ്പെട്ടു. മാവൂരിൽ പൈപ്പ് ലൈൻ റോഡ്, കൽപ്പള്ളി, ആയംകുളം, തെങ്ങിലക്കടവ്, കണ്ണിപറമ്പ്, കുറ്റിക്കടവ് എന്നിവിടങ്ങൾ വെള്ളം കയറി. അതേ സമയം മലയോര മേഖലയിൽ പലയിടത്തും മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. കാരശേരി ചോണാട് മരം വീണ് ഗതാഗതം തടസപ്പെട്ടു. മാമ്പറ്റ ഗംഗ കാറ്ററിംഗിന് സമീപം റോഡിന് കുറുകെ മരം വീണു. മുക്കം ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മരം മുറിച്ച് മാറ്റി ഗതാഗതം പുഃനസ്ഥാപിച്ചു. കാരമൂല - വല്ലത്തായ് പാറ പാലത്തിലും വെള്ളം കയറി. ദുരന്ത നിവാരണ അതോറിറ്റി നിർദേശം പ്രകാരം ക്വാറന്റൈനിൽ കഴിയുന്നവർ, രോഗലക്ഷണമുള്ളവർ, കൊവിഡ് ബാധിക്കുന്നത് മൂലം കൂടുതൽ അപകട സാദ്ധ്യതയുള്ളവർ, സാധാരണ ജനങ്ങൾ എന്നിങ്ങനെ നാലുതരത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്.