കോഴിക്കോട്: പെരുവയലിൽ കോഴിക്കടകളിലെ മാലിന്യങ്ങൾ ശേഖരിക്കുന്നതിന് ഫ്രഷ് കട്ട് ഓർഗാനിക് പ്രൊഡക്ടുമായി ചേർന്ന് സ്ഥിരം സംവിധാനമൊരുക്കി. ഇനി മുതൽ പഞ്ചായത്തിലെ കോഴിക്കടകളിലെ മാലിന്യങ്ങൾ ഫ്രഷ് കട്ട് ഏജൻസി ശേഖരിക്കും. കോഴി മാലിന്യം സൂക്ഷിക്കാൻ എല്ലാ കടകളിലും ഫ്രീസർ സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ ശുചിത്വ പദവി പ്രഖ്യാപനത്തിൽ യോഗ്യത നേടിയ ഗ്രാമ പഞ്ചായത്തുകളിലൊന്നാണ് പെരുവയൽ. സർക്കാർ മാനദണ്ഡമനുസരിച്ച് 75 മാർക്ക് നേടിയിരുന്നു. ഇത് നൂറ് മാർക്കിലെത്തിക്കാനുള്ള പ്രവർത്തനങ്ങളുടെ ആദ്യ പടിയാണ് ഈ പദ്ധതിയെന്ന് പ്രസിഡന്റ് വൈ.വി. ശാന്ത പറഞ്ഞു. ചടങ്ങിൽ ഫ്രഷ് കട്ട് സ്ഥാപന പ്രതിനിധി യൂജിൻ ജോൺസണിൽ നിന്ന് വൈ.വി. ശാന്ത ഫ്രീസർ ബോക്‌സ് ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് കുന്നുമ്മൽ ജുമൈല അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.കെ. ഷറഫുദ്ദീൻ, സുബിത തോട്ടാഞ്ചേരി, അസി. സെക്രട്ടറി നിഷാന്ത്, ഹെൽത്ത് ഇൻസ്‌പെക്ടർ വി. സെമീർ, ഹരിത കേരള മിഷൻ റിസോഴ്‌സ് പേഴ്‌സൺ എ. രാജേഷ്, ചിക്കൻ വ്യാപാരി സമിതി മേഖല പ്രസിഡന്റ് പുതിയോട്ടിൽ അബ്ദുൽ കരീം പങ്കെടുത്തു.