കുറ്റ്യാടി: മരുതോങ്കര, പശുക്കടവ് അങ്ങാടിയിലെ നാല് വ്യാപാര സ്ഥാപനങ്ങളിൽ മോഷണം. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിക്കും പുലർച്ച നാല് മണിക്കും ഇടയിലാണ് സംഭവം നടന്നതെന്ന് നാട്ടുകാർ പറയുന്നു. കർഷക മിത്രം ഓയിൽ മില്ലിൽ നിന്ന് എട്ടായിരം രൂപയും, വിൽപ്പനയ്ക്കുള്ള വസ്തുക്കളും, സജു കല്ലും പുറത്തിന്റെ പലചരക്ക്-പച്ചക്കറി കടയിൽ നിന്ന് ആറായിരത്തോളം രൂപയും, ലിറിൽ തോമാംകുഴിയുടെ മലഞ്ചരക്ക് കടയിൽ നിന്ന് 50 കിലോ അടക്കയും, ആറായിരം രൂപയും, ജെയിംസ് പള്ളിത്താഴയുടെ തയ്യൽ കടയിലെ സാധനങ്ങളുമാണ് മോഷണം പോയത്. തൊട്ടിൽ പാലം പൊലീസ് കേസെടുത്തു.