പേരാമ്പ്ര: സ്ലാബിനടിയിൽപ്പെട്ട പശുവിനെയും ഒന്നര വയസുള്ള പശുകുട്ടിയെയും അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ഇന്നലെ പുലർച്ചെ മുളിയങ്ങലിലെ ബീരാൻകുട്ടിയുടെ വീട്ടിലെ കോൺക്രീറ്റ് ആല, മഴയിൽ തകർന്നതോടെ പശുവും കുട്ടിയും സ്ലാബിനടിയിൽ പെടുകയായിരുന്നു. ഹൈഡ്രോളിക് ജാക്കി ഉപയോഗിച്ച് ഉയർത്തിയ ശേഷം ഡെമോളിഷിംഗ് ഹാമർ ഉപയോഗിച്ച് സ്ലാബ് പൊട്ടിച്ചാണ് പശുവിനെ രക്ഷപ്പെടുത്തിയത്. പശുക്കളുടെ ഒരു കൊമ്പ് ഒടിഞ്ഞതല്ലാതെ മറ്റു പരിക്കുകളില്ല. സീനിയർ ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ പി. വിനോദിന്റെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ എം.പി. സിജു, കെ. സുനിൽ, ഐ. ബിനീഷ് കുമാർ, പി.കെ. രാകേഷ്, കെ.പി. ബിജു, എൻ.കെ. സ്വപ്‌നേഷ്, ഐ.ബി രാഗിൻ കുമാർ, എൻ.പി. അനൂപ്, കെ.പി സന്ദീപ് ദാസ്, ഹോം ഗാർഡ് പി.സി അനീഷ്‌കുമാർ എന്നിവർ പങ്കെടുത്തു.