ക്വാർട്ടേഴ്സിലെ നാല് കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു
കോഴിക്കോട്: മലാപ്പറമ്പ് ബി.എസ്.എൻ.എൽ ക്വാർട്ടേഴ്‌സിന് സമീപം കിണർ ഇടിഞ്ഞു. 25 മീറ്റർ അകലെയുള്ള കിണർ ഇടിഞ്ഞതോടെ താമസക്കാരെ മറ്റ് ക്വാർട്ടേഴ്‌സുകളിലേക്ക് മാറ്റി. ഉപയോഗിക്കാത്ത കിണർ ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ഇടിഞ്ഞ് താഴ്ന്നത്. രാത്രി വലിയ ശബ്ദം കേട്ട് അന്വേഷിച്ചപ്പോഴാണ് കിണർ ഇടിഞ്ഞതാണെന്ന് വ്യക്തമായതെന്ന് താമസക്കാർ വ്യക്തമാക്കി. കിണറും സമീപത്തെ മരങ്ങളും ഒരുമിച്ചാണ് ഇടിഞ്ഞ് താഴ്ന്നത്.
ക്വാർട്ടേഴ്‌സിന്റെ കെട്ടിടത്തിന് അപകടം പറ്റുമോ എന്ന ഭയം മൂലമാണ് താമസക്കാരെ മാറ്റിയതെന്ന് കൗൺസിലർ ഇ. പ്രശാന്ത് പറഞ്ഞു. നാല് കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഒരു കുടുംബത്തെ ബന്ധുവീട്ടിലേക്കും മറ്റ് മൂന്നു കുടുംബങ്ങളെ ക്വാർട്ടേഴ്‌സിലേക്ക് മാറ്റി. ബി.എസ്.എൻ.എൽ അധികൃതർ, റവന്യു, നഗരസഭാ അധികൃതർ എന്നിവർ സ്ഥലത്തെത്തി.