മുക്കം: തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ പരക്കെ നാശനഷ്ടം. കാറ്റിൽ വ്യാപകമായി മരങ്ങൾ ഒടിഞ്ഞു വീണു. റബ്ബർ, വാഴ, കപ്പ, ചേന തുടങ്ങിയ കൃഷികളും നശിച്ചു. കുമാരനെല്ലൂർ കുരുടത്ത് വത്സ പ്രസാദിന്റെ പുരയിടത്തിൽ 80 റബ്ബർ മരങ്ങളും 50 വാഴയും 5 കവുങ്ങും ഒടിഞ്ഞുവീണു. അക്കരപറമ്പിൽ, പീടികക്കണ്ടിയിൽ, മേലേടത്തു പറമ്പിൽ എന്നിവിടങ്ങളിലും തേക്ക് ഉൾപെടെ മരങ്ങൾ കാറ്റിൽ ഒടിഞ്ഞു. പുളിയന്തൊടി കുഞ്ഞഹമ്മദിന്റെ വീടിനോട് ചേർന്ന് മാവ് കടപുഴകി. ആനയാംകുന്ന് പാഴൂർ തോട്ടത്തിൽ പുളിക്കൽ ആമിനയുടെയും നടുവിലെടത്ത് ആലിയുടെയും വീടിനോടു ചേർന്നുള്ള മതിൽ ഇടിഞ്ഞു വീണത് രണ്ടു വീടുകൾക്ക് ഭീഷണിയായി. കക്കാട് പാറക്കൽ സുൽഫിക്കർ അലിയുടെ ഓടുമേഞ്ഞ വീടിന്റെ ഒരു ഭാഗം തകർന്നുവീണു. അടുക്കളയുടെ ഭാഗമാണ് തകർന്നത്. മുത്തേരി മുതിരകണ്ടിയിൽ അപ്പുണ്ണിയുടെ വീടിനു മുകളിൽ ആഞ്ഞിലിമരം കടപുഴകി വീണു. വീട്ടുകാരെ മാറ്റി പാർപ്പിച്ചു. മുക്കം നഗരസഭ കൗൺസിലർമാരായ ഇ.പി. അരവിന്ദൻ, ടി.ടി. സുലൈമാൻ, സെക്രട്ടറി എൻ.കെ. ഹരീഷ് എന്നിവർ സന്ദർശിച്ചു.