പേരാമ്പ്ര: വയോജനങ്ങൾക്ക് കൂത്താളിയിൽ നിർമിച്ച വയോജന മന്ദിരവും പേരാമ്പ്ര- താനിക്കണ്ടി-ചക്കിട്ടപ്പാറ റോഡിന്റെ പ്രവർത്തിയും മന്ത്രി ടി. പി രാമകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് 30 ലക്ഷവും കൂത്താളി പഞ്ചായത്ത് ഒന്നര ലക്ഷവും ചെലവഴിച്ചു നിർമ്മിച്ച കെട്ടിടത്തിൽ ടോയ്ലറ്റ്, ഹാൾ, ഫർണീച്ചർ തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ 10.5 കോടി രൂപ ചെലവിലാണ് റോഡ് നവീകരണം. പേരാമ്പ്ര ബ്ലോക്ക് പ്രസിഡന്റ് എ.സി. സതി, ജില്ലാപഞ്ചായത്ത് മെമ്പർ എ.കെ. ബാലൻ, കൂത്താളി പഞ്ചായത്ത് പ്രസിഡന്റ് കെ.പി. അസ്സൻകുട്ടി, പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് കെ.എം. റീന, ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ഇ.പി. കാർത്യായനി, ശശി കിഴക്കൻ പേരാമ്പ്ര, എ. ബാലചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.