പേരാമ്പ്ര: താലൂക്ക് ആശുപത്രി എമർജൻസി വിഭാഗം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. കൊവിഡ് പ്രതിരോധത്തിൽ മാതൃകാപരമായി പ്രവർത്തിക്കാൻ കേരളത്തിന് കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. കോവിഡ് വ്യാപനം തടയാൻ ഇനിയും ഒറ്റക്കെട്ടായ പ്രവർത്തനം തുടരണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇതിൽ മുഖ്യ പങ്കു വഹിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ആശുപത്രിയിൽ നടന്ന ചടങ്ങിൽ തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ദേശീയ ആരോഗ്യ ദൗത്യം ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ എമർജൻസി ഡിപ്പാർട്ട്മെന്റ് സജ്ജമാക്കിയത്. ജില്ലാ കളക്ടർ സാംബശിവറാവു, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി. സതി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി. ജയശ്രീ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ. നവീൻ, സ്ഥിരം സമിതി അംഗം ഇ.പി. കാർത്യായനി, സൂപ്രണ്ട് പി.ആർ. ഷാമിൻ, ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.