കോഴക്കോട് : നഗരത്തിലെ ബിലാത്തികുളം ശിവ ക്ഷേത്രക്കുളത്തിലുൾപ്പെടെ നിരവധി ക്ഷേത്രക്കുളങ്ങളിൽ വാണിജ്യാടിസ്ഥാനത്തിൽ മീൻ വളർത്തൽ പദ്ധതി നടപ്പാക്കാൻ മത്സ്യഫെഡിന് അനുമതി നൽകിയത് കോഴക്കോട് കോർപ്പറേഷൻ പിൻവലിക്കണമെന്ന് ബി.ഡി.ജെ.എസ് സൗത്ത് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

ക്ഷേത്രക്കുളങ്ങൾ വെറും ജലാശയം മാത്രമല്ല.. അതിന് ക്ഷേത്രത്തിലെ പ്രതിഷ്ഠയുമായി ബന്ധമുണ്ട്. ക്ഷേത്രക്കുളത്തിലെ മീനുകളെ ഭഗവത് ചൈതന്യത്തിന്റെ പ്രതിരൂപമായാണ് ഭക്തർ കണക്കാക്കുന്നത്.. അതുകൊണ്ടാണ് ഭക്തർ മീനൂട്ട് നടത്തിയും ഭഗവത് പ്രസാദം ഭക്ഷണമായി നൽകിയും അവയെ പരിപാലിച്ചു പോരുന്നത്.

കോർപ്പറേഷൻ തീരുമാനം മാറ്റിയില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന് മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നൽകി. പ്രസിഡൻറ് സതീഷ് കുമാർ അയനിക്കാട്, ജില്ലാ ജോയിൻറ് സെക്രട്ടറി ഉണ്ണികൃഷ്ണൻ കരിപ്പാലി, ബി.ഡി.വൈ.എസ് ജില്ലാ സെക്രട്ടറി രാജേഷ് പി. മാങ്കാവ്, മണ്ഡലം വൈസ് പ്രസിഡൻറ് പത്മകുമാർ ജി.മേനോൻ, മണ്ഡലം ജനറൽ സെക്രട്ടറി കെ.പി.രാജീവൻ എന്നിവർ സംസാരിച്ചു.