കോഴിക്കോട്: ലോക്ക്ഡൗൺ നാലാംഘട്ടം അൺലോക്ക് ഇന്നലെ പ്രാബല്യത്തിൽ വന്നപ്പോഴും സിനിമാ തീയേറ്ററുകളുടെ പൂട്ട് തുറന്നില്ല. മാർച്ച് 13നാണ് താഴിട്ടത്. ആറുമാസം പിന്നിടുമ്പോഴും പ്രദർശനത്തിന് അനുമതിയില്ല. ഇനിയും വൈകിയാൽ ഈ വ്യവസായം തകർന്നടിയും. പ്രദർശനം നടത്തുന്നില്ലെങ്കിലും വൈദ്യുതി ചാർജ്, മെയിന്റനൻസ് ചാർജ്, തൊഴിലാളികൾക്കുള്ള കൂലി എന്നിങ്ങനെ നല്ലാെരു തുക ചെലവാണ്.
ജില്ലയിലെ മിക്ക തിയേറ്ററുകളും എ.സി ആയതിനാൽ ഇവയ്ക്ക് കൃത്യമായി പരിപാലനം ആവശ്യമുണ്ട്. പ്രദർശനം നടത്തുന്നില്ലെങ്കിലും ആഴ്ചയിൽ ഒരു ദിവസം ആളില്ലാതെ പ്രദർശനം നടത്തണം. ഇടയ്ക്കിടെ തുറന്ന് വൃത്തിയാക്കണം. ഇതിനെല്ലാം തൊഴിലാളികളെ ആവശ്യമുണ്ട്. ആറു മാസമായി വരുമാനമില്ലാതെ ചെലവ് മാത്രമാണ്.
സ്ഥിതി തുടർന്നാൽ പിടിച്ചു നിൽക്കാനാവില്ലെന്ന് തിയേറ്റർ ഉടമകൾ പറയുന്നു. ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ സിനിമകൾ റിലീസ് ചെയ്യുന്നുണ്ട്. തിയേറ്റർ റീലിസുകളില്ലാതെയാണ് ഓണക്കാലം കടന്നുപോയത്. ഓണ സീസൺ മാത്രമല്ല വിഷുവും, ഈസ്റ്ററും റംസാനും തുടങ്ങിയ സീസണുകൾ എല്ലാം കൊവിഡിൽ തകർന്നു. ഓരോ തിയേറ്ററുകളിലും 10- 20 ജീവനക്കാരാണ് ജോലി ചെയ്യുന്നത്. വർഷങ്ങളായി ഈ മേഖലയിൽ ജോലി ചെയ്യുന്ന ഇവരുടെ ജീവിതം പട്ടിണിയിലായി.
" പ്രദർശനമില്ലെങ്കിലും ഉപകരണങ്ങൾ പ്രവർത്തിപ്പിക്കണം. ഇതിന് നല്ലൊരു തുക ചെലവ് വരുന്നുണ്ട്. 200 ദിവസമാകുന്നു ലോക്ക് വീണിട്ട് "
വസന്തരാജ്
തിയേറ്റർ ഉടമ