ഏതു സംരംഭത്തിനിറങ്ങുമ്പോഴും മൂലധനമുണ്ടായതുകൊണ്ടു മാത്രമായില്ല. എന്താണോ ഉദ്ദേശിക്കുന്നത്, അതേക്കുറിച്ച് നല്ലപോലെ പഠിച്ചിരിക്കണം. അതുകൊണ്ടും തീർന്നില്ല. കടമ്പകൾ പലതുണ്ടാവാം ആദ്യഘട്ടത്തിൽ. അവ നേരിടാനുള്ള മനസ്സുമുണ്ടാവണം. വിജയം പിന്നെ വഴിയേ വന്നിരിക്കും. പുല്പള്ളിക്കാരൻ ഉദയൻ എന്ന അജയകുമാർ വായിച്ച് തലയിലേറ്റിയ തത്വശാസ്ത്രമെന്നോണം പറയുന്നതല്ല ഇത്. മറിച്ച്, സ്വന്തം അനുഭവത്തിൽ നിന്ന് മുന്നോട്ടു വെയ്ക്കുന്ന പ്രായോഗിക മാനേജ്മെൻറ് പാഠങ്ങളാണ്. വയനാട് റൈസ് മിൽ എന്ന വ്യവസായ യൂണിറ്റിൻറെ വിജയഗാഥയ്ക്ക് പിന്നിലുള്ള ചരിത്രം കൂടിയാണ് സ്വയംതൊഴിൽ സംരംഭകർക്ക് മികച്ച മാതൃകയായി കാണാവുന്ന ഈ ചെറുപ്പക്കാരൻ നിരത്തുന്നത്.കഠിനദ്ധ്വനത്തിലുടെ വിജയം കൊയ്തെടുത്ത ബിരുദധാരിയായ ഉദ യനെ തേടി നിരവധി പുരസ്കാരങ്ങൾ എത്തിയിട്ടുണ്ട് ഇതിനിടയ്ക്ക്. വയനാട് അഗ്രികൾച്ചറൽ സ്പൈസസ് ചെയർമാൻ കൂടിയാണ് ഇദ്ദേഹം.
# പരാജയങ്ങളിൽ നിന്ന് പാഠങ്ങൾ പഠിച്ച്...
സ്വാഭാവികമെന്നോണം ഉദയന്റെ വിജയത്തുടക്കങ്ങൾക്ക് പിന്നിലുമുണ്ട് പരാജയത്തിന്റെ കഥകൾ. തമിഴ്നാട് വാട്ടർ ബോർഡിനു കീഴിൽ പ്ലംബിംഗ് ജോലികളും ചെറിയ കലുങ്കുകളുടെ കരാർ പണിയും മറ്റും ഏറ്റെടുത്തായിരുന്നു തുടക്കം. പക്ഷേ, ചെയ്തുതീർത്ത പ്രവൃത്തികളുടെ ബില്ലുകൾ പെട്ടെന്നൊന്നും പാസ്സായി വരില്ലെന്നായപ്പോൾ ആ ഏർപ്പാട് അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി.പറ്റിയ പണി കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടർന്നുകൊണ്ടേയിരുന്നു. ആയുർവേദ ഉത്പന്നങ്ങളുടെ വിപണനത്തിലേക്ക് തിരിയാൻ ആലോചിച്ചെങ്കിലും രണ്ടാമത്തെ ചിന്തയിൽ ഉപേക്ഷിച്ചു.
അതിനിടെ, ഹോട്ടൽ തുടങ്ങാമെന്ന നിലയിലേക്ക് കടന്നതോടെ നടത്തിപ്പിൻറെ ബാലപാഠങ്ങൾ മുതൽ പഠിച്ചു. കുക്കറി കോഴ്സും കഴിഞ്ഞ് 2004-ൽ ദുബായിൽ ഹോട്ടൽ തുറന്നു. 2007 വരെ ഒരു വിധത്തിൽ പിടിച്ചുനിന്നെങ്കിലും പിന്നീട് പല രൂപത്തിൽ പ്രതിസന്ധി ഏറുകയായിരുന്നു. വൈകാതെ അതു നിറുത്തേണ്ടി വന്നു. തിരികെ നാട്ടിലേക്ക് വീണ്ടും.
#ഒടുവിൽ കൃഷിയിലേക്ക്
ചെറുപ്പം മുതൽ കൃഷിയിൽ നല്ല താത്പര്യമുണ്ടായിരുന്നങ്കിലും ശാസ്ത്രീയ രീതികൾ ഒട്ടും വശമുമുണ്ടായിരുന്നില്ല. അവ പഠിക്കാൻ തന്നെ ഉറപ്പിച്ചു. സാദ്ധ്യതകൾ പലതും ചികഞ്ഞ ശേഷം വെച്ചുപിടിച്ചു കർണാടകയിലേക്ക്. നാല് ചങ്ങാതിമാരുമായി ചേർന്ന് അവിടെ സ്ഥലം പാട്ടത്തിനെടുത്ത് ഇഞ്ചികൃഷി തുടങ്ങി. ഒരു വർഷം അവിടെ തൊഴിലാളികൾക്കൊപ്പം നിന്ന് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കിയതോടെ ഇഞ്ചികൃഷിയ്ക്ക് ഏറ്റവും അനുയോജ്യമായ മണ്ണ് ഒഡിഷയിലേതാണെന്ന് തിരിച്ചറിഞ്ഞു. ഒരു ദിവസം നേരെ ഒഡിഷയിലേക്ക് വണ്ടി കയറി. സ്ഥലം കണ്ടെത്തി അവിടെ കൃഷിയിറക്കി. ഉദയന്റെ ആത്മാർത്ഥതയും അർപ്പണബോധവും കണ്ടാകാം തൊഴിലാളികൾ ഒപ്പം നിന്നു. ഇഞ്ചികൃഷി പച്ചപിടിച്ച് വരുന്നതിനിടെ മറ്റ് കൃഷികളുടെ സാദ്ധ്യതയും തേടി.നിനച്ചിരിക്കാതെയായിരുന്നു അച്ഛൻ വി.എൻ. ലക്ഷമണന്റെ വിയോഗം. തുടർന്ന് ഒഡിഷയിൽ നിന്ന് മടങ്ങേണ്ടി വന്നു. പിന്നെ കർണാടകയിൽ മാത്രമായി ഇഞ്ചികൃഷി. അതിനിടയ്ക്ക്, അന്വേഷണവും ആലോചനയും കൃഷി അനുബന്ധ വ്യവസായങ്ങളിലേക്ക് എത്തിയതോടെ ഒടുവിൽ ചെന്നുനിന്നത് റൈസ് മില്ലിലാണ്.
# പിഴച്ചില്ല, വിജയക്കൊടി നാട്ടി
ഒട്ടനവധി റൈസ് മില്ലുകളുണ്ട് കർണാടകയിൽ. പല മില്ലുകളിലും കയറിയിറങ്ങി സാദ്ധ്യതകൾ കാര്യമായി തന്നെ പഠിച്ചു. അടുത്ത സുഹൃത്തുക്കളും വീട്ടുകാരുമായി തല പുകഞ്ഞ ചർച്ചയായി. വയനാട് ഇതിനു പറ്റിയ ഇടമല്ലെന്ന് പലരും പിന്തിരിപ്പിക്കാൻ നോക്കി. എന്നാൽ, ഈ സംരംഭം വിജയിപ്പിച്ചെടുക്കാമെന്ന ആത്മവിശ്വാസമായിരുന്നു. പിന്നെ കൂടുതൽ ആലോചനയ്ക്ക് നിൽക്കാതെ റൈസ് മിൽ പ്രോജക്ടിലേക്ക് കടന്നു.മെഷിനറിയ്ക്ക് വൻചെലവുണ്ടെന്നിരിക്കെ വായ്പയ്ക്കായി ബാങ്കുകൾ പലതും കയറിയിറങ്ങി. അനുകൂല മനോഭാവമായിരുന്നില്ല. ഒടുവിൽ ഫെഡറൽ ബാങ്ക് സുൽത്താൻ ബത്തേരി ശാഖയിലെത്തിയതോടെയാണ് കാർമേഘങ്ങൾ നീങ്ങിക്കിട്ടിയത്. പദ്ധതി പ്രായോഗികമാക്കാനാവുമെന്ന് കണ്ട ബാങ്ക് മാനേജർ പച്ചക്കൊടി വീശി. വൈകാതെ വായ്പയും റെഡിയായി.ചൈനയിൽ നിന്നാണ് യന്ത്രസാമഗ്രികൾ ഇറക്കുമതി ചെയ്തത്. മെഷീൻ സ്ഥാപിക്കുന്ന ദിവസമടുത്തപ്പോഴേക്കും നേരത്തെ കർണാടകയിൽ പറഞ്ഞുറപ്പിച്ച മുഖ്യ മെക്കാനിക്കിൻറെ ഒരു വിവരവുമില്ലെന്നായി. ആഴ്ചകൾ പിന്നിട്ടിട്ടും ആളെ ഫോണിൽ കിട്ടുന്നില്ല. ഒടുവിൽ ഒരു ഊഹം വെച്ച് ഉദയൻ മെക്കാനിക്കിൻറെ താമസസ്ഥലത്തേക്ക് അന്വേഷിച്ചിറങ്ങി. അങ്ങനെ ആളെ കണ്ടുപിടിച്ചു. ഒപ്പം വരാതെ നാട്ടിലേക്ക് മടങ്ങില്ലെന്നായി ഉദയൻ. രണ്ട് ദിവസം അവിടെ തങ്ങേണ്ടി വരുമെന്നായിട്ടും പിന്തിരിഞ്ഞില്ല. കൈയോടെ മെക്കാനിക്കിനെയും കൊണ്ട് തിരികെ പുൽപ്പള്ളിയിലെത്തി. മെഷിനറി സ്ഥാപിക്കാൻ ഏറെ ദിവസം വേണ്ടി വന്നില്ല. 2010 ഒക്ടോബറിൽ മില്ല് പ്രവർത്തനമാരംഭിച്ചു. തുടക്കത്തിൽ തന്ന പ്രശ്നങ്ങളുയർന്നെങ്കിലും ഉദയൻ പതറിയില്ല. പച്ചരി മാത്രം കുത്തിയെടുക്കാനാവുന്നതാണ് മെഷീൻ. റേഷൻകടകൾ വഴി അപ്പോൾ വിതരണത്തിനുണ്ടായിരുന്നത് പച്ചരി മാത്രമാണെന്നിരിക്കെ ഉത്പന്നത്തിന് വിപണി കണ്ടെത്താനാതെ നന്നേ വിഷമിച്ചു. ഇനിയെന്ത് പോംവഴി എന്നായി ചിന്ത. അരി പുഴുങ്ങി ഉണക്കി കുത്തി നൽകുകയെന്ന തീരുമാനത്തിലേക്ക് എത്താൻ വൈകിയില്ല. പെട്ടെന്നു തന്നെ അതിനായുള്ള മെഷിനറി വരുത്തി. ഒരു മണിക്കൂറിൽ രണ്ട് ടൺ നെല്ല് പുഴുങ്ങി ഉണക്കി കുത്താൻ ശേഷിയുള്ള മെഷീനുകളാണ് സ്ഥാപിച്ചത്. ഒരു ദിവസം ഏഴ് ടൺ വരെ പുഴുങ്ങി ഉണക്കി കുത്താൻ കഴിയുമെന്നായി. ജൈവകൃഷിയിൽ നിന്നുള്ള മേത്തരംനെല്ല് കുത്തി അരിയാക്കിയതോടെ നല്ല ഡിമാൻഡായി. പാൽതൊണ്ടി, തൊണ്ടി, വലിച്ചൂരി, ആതിര, ഉമ, ചോമാല, ഗന്ധകശാല, ജീരകശാല തുടങ്ങിയ നെല്ലിനങ്ങളാണ് പ്രധാനമായും ഇവിടെ കുത്തി അരിയാക്കുന്നത്. ഇതിൽ പാൽതൊണ്ടി ഉദയൻറെ സ്വന്തം ബ്രാൻഡാണ്. അരിയ്ക്ക് പുറമെ ഉപോത്പന്നങ്ങളുടെ വിപണനത്തിനും തുടക്കമിടാൻ കഴിഞ്ഞു.
വയനാട് റൈസ് മില്ലിൽ നിന്നുള്ള കബനി അരി കേരളത്തിലെ എല്ലാ ജില്ലകളിലും ലഭ്യമാണ്. ചെന്നൈ, മുംബയ് തുടങ്ങി വൻനഗരങ്ങളിലെ മാർക്കറ്റുകളിലും ലഭ്യമാണിത്. കേരളത്തിലെ പല പ്രമുഖ കമ്പനികൾക്കും അവരുടെ ബ്രാൻഡിൽ ഓർഗാനിക് അരി എത്തിച്ചുനൽകുന്നുമുണ്ട്.
# പോളി ഹൗസിൽ രൂപമാറ്റം
സംസ്ഥാനത്ത് തന്നെ ആദ്യമായി പോളി ഹൗസിൽ രൂപമാറ്റം വരുത്തി ഉണക്കാനുള്ള യന്ത്രം സൃഷ്ടിച്ചിരിക്കുകയാണ് ഉദയൻ. സാധാരണ പോളി ഹൗസുകൾ ആദ്യത്തെ രണ്ട് കൃഷി കഴിയുമ്പോഴേക്കും നാശമായി പോവുകയാണ് പതിവ്. ഇതിൻറെ രൂപത്തിലൊന്ന് മാറ്റം വരുത്തിയാൽ മിനി ഡ്രയറായി ഉപയോഗിച്ചുകൂടേ എന്ന ഉദയൻറെ ചിന്ത വെറുതെയായില്ല. പാലക്കാട്ട് പെരുമാട്ടിയിൽ ചെന്ന് ഇതിനെപ്പറ്റി കൂടുതൽ പഠിച്ചതോടെയാണ് പോളി ഹൗസ് യു.ബി ഷീറ്റിട്ട് തയ്യാറാക്കിയാൽ ഏതു കാലവസ്ഥയിലും നല്ല ചൂട് നിൽക്കുന്ന അവസ്ഥയിൽ നിറുത്താമെന്ന് മനസ്സിലാക്കിയത്. അങ്ങനെ മിനി ഡ്രയറിൻറെ നിർമ്മാണത്തിലേക്ക് കടന്നു. അത് വൻവിജയമായതോടെ നെല്ല് ഉൾപ്പെടെയുള്ള ധാന്യങ്ങളും കാർഷിക നാണ്യവിളകളും ഉണക്കുന്നതിന് ഉപയോഗിക്കാൻ തുടങ്ങി. ഉദയൻറ ഈ മിനി ഡ്രയർ സംവിധാനം ഇന്നിപ്പോൾ സംസ്ഥാനത്ത് എല്ലായിടത്തും പ്രചാരത്തിലായിക്കഴിഞ്ഞു. ഇവിടെ നിന്ന് ആവശ്യക്കാർക്ക് ഡ്രയർ ഉണ്ടാക്കി നൽകുന്നുണ്ട്.
# കുടുംബം
കോൺഗ്രസ് നേതാവും സാമൂഹിക പ്രവർത്തകനുമായിരുന്ന പരേതനായ വാരിശ്ശേരിയിൽ വി.എൻ.ലക്ഷ്മണന്റെയും രാധാമണിയുടെയും മൂന്ന് മക്കളിൽ രണ്ടാമനാണ് ഉദയൻ. ഉഷ, ഡോ.അംബികസോണി എന്നിവരാണ് സഹോദരങ്ങൾ. വയനാട് ഡി.സി.സി ജനറൽ സെക്രട്ടറിയായിരുന്ന ലക്ഷ്മണൻ പുല്പളളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, പുല്പളളി പഴശ്ശിരാജ കോളേജ് എഡ്യൂക്കേഷൻ സൊസൈറ്റി സെക്രട്ടറി, പുല്പളളി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.കോഴിക്കോട് ജില്ലയിലെ കക്കോടിയിലെ മലയിൽ നാരായണൻറെ മകൾ സ്മിതയാണ് ഉദയൻറെ ഭാര്യ. വിദ്യാർത്ഥികളായ ഗായത്രി നന്ദ, സേതു ലക്ഷ്മണൻ എന്നിവർ മക്കൾ.