കോഴിക്കോട്: ഓട്ടോ തൊഴിലാളികൾ അർദ്ധ പട്ടിണിയിലാകുമ്പോഴും ചൂഷണം ചെയ്യാനുറച്ച് പെട്രോൾ ബങ്കുടമകൾ. എൽ.പി.ജിയ്ക്ക് തോന്നും പടി വിലയീടാക്കിയാണ് കണ്ണില്ലാത്ത ക്രൂരത. കോഴിക്കോട് നഗര പരിധിയിൽ മാത്രം പല ബങ്കുകളിലും പല വിലയാണ് ഈടാക്കുന്നത്. രണ്ട് രൂപയോളം വ്യത്യാസം ഉള്ളതായി ഓട്ടോ തൊഴിലാളികൾ ആരോപിക്കുന്നു.
എൽ.പി.ജി ഉപയോഗിച്ച് ഓടുന്ന ആയിരത്തോളം ഓട്ടോ റിക്ഷകളാണ് കോഴിക്കോടുള്ളത്. ഇവയ്ക്ക് ഇന്ധനം നിറക്കാൻ സരോവരം, പുതിയങ്ങാടി, കുണ്ടായിത്തോട്, മുക്കം, പയ്യോളി എന്നിവിടങ്ങളിലാണ് എൽ.പി.ജി ബങ്കുള്ളത്. ടോട്ടൽ ഗ്യാസിൽ നിരക്ക് ഉയർത്തിയപ്പോൾ തൊഴിലാളി യൂണിയൻ ഇടപെട്ടതോടെ വിലയിൽ മാറ്റം വരുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ടോട്ടൽ ഗ്യാസിൽ 37.93 രൂപയാണ് നിരക്ക്. അതേസമയം, റിലയൻസ് ബങ്കിൽ 39.58 രൂപയാണ് വില. ഇപ്പോഴും റിലയൻസ് നിരക്ക് മാറ്റമില്ല. ഇവരാകട്ടെ ബില്ല് കൊടുക്കാനും തയ്യാറല്ല.
വിലയിൽ ഏകീകരണം നടപ്പാക്കുക, ബില്ലുകൾ കൃത്യമായി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സിവിൽ സപ്ലൈസ് അധികൃതർക്ക് പരാതി സമർപ്പിച്ചിരിക്കുകയാണ് തൊഴിലാളി സംഘടനകൾ. എല്ലാ മാസവും ഒന്നിന് ഗ്യാസ് വിലയിൽ മാറ്റം വരാറുണ്ട്. അതനുസരിച്ചാണ് ജില്ലയിലെ റിലയൻസ്, ടോട്ടൽ, എച്ച്.പി ബങ്കുകളിൽ മാറ്റം വരുത്തുന്നത്. കഴിഞ്ഞ ദിവസം നഗരത്തിലെ റിലയൻസ് ബങ്കുകളിൽ ഗ്യാസ് സ്‌റ്റോക്കുണ്ടായിരുന്നില്ല. പുതിയ സാഹചര്യത്തിൽ സ്‌റ്റോക്ക് തീരുന്നതിന് ദിവസങ്ങൾക്കു മുമ്പ് ബുക്ക് ചെയ്താൽ മാത്രമേ സമയത്തിന് ഇന്ധനം ലഭിക്കൂ. ലോഡ് എത്താൻ വൈകുമ്പോൾ ഇന്ധനം കിട്ടാതെ നെട്ടോട്ടമോടേണ്ടി വരികയാണ് ഓട്ടോ തൊഴിലാളികൾ.