കണ്ണൂർ: മാർച്ച് മുതൽ നിശ്ചലമാണ് സംസ്ഥാനത്തെ സിനിമാ തീയ്യേറ്ററുകൾ. ടെക്നീഷ്യന്മാരും ശുചീകരണ തൊഴിലാളികളും മുതൽ സമീപത്തെ ചായക്കടക്കാർ വരെ പട്ടിണിയിലായി. ഇനി എന്ന് ഇതിനൊരു പരിഹാരം ഉണ്ടാകുമെന്ന ചോദ്യത്തിനും ഇവർക്ക് ഉത്തരമില്ല, ചിട്ടികളുടെയും ലോണിന്റെയും അടവുകൾ തെറ്റിയതിന് പുറമേ ഭക്ഷണത്തിന് പോലും വഴിമുട്ടുകയാണ് പല വീടുകളും.
ലോക്ക്ഡൗൺ നാലാംഘട്ടം അൺലോക്ക് പ്രാബല്യത്തിൽ വന്നപ്പോഴും സിനിമാ തീയേറ്ററുകളുടെ പൂട്ട് തുറന്നില്ല. ഇതോടെ ഈ മേഖലയിലുള്ളവർ കടുത്ത നിരാശയിലാണ്. പ്രദർശനം നടത്തുന്നില്ലെങ്കിലും വൈദ്യുതി ചാർജ്, മെയിന്റനൻസ് ചാർജ്, തൊഴിലാളികൾക്കുള്ള കൂലി എന്നിങ്ങനെ നല്ലാെരു തുക ചെലവാണ്. ജില്ലയിലെ മിക്ക തിയേറ്ററുകളും എ.സി ആയതിനാൽ ഇവയ്ക്ക് കൃത്യമായി പരിപാലനം ആവശ്യമുണ്ട്. പ്രദർശനം നടത്തുന്നില്ലെങ്കിലും ആഴ്ചയിൽ ഒരു ദിവസം ആളില്ലാതെ പ്രദർശനം നടത്തണം. ഇടയ്ക്കിടെ തുറന്ന് വൃത്തിയാക്കണം. ഇതിനെല്ലാം തൊഴിലാളികളെ ആവശ്യമുണ്ട്. ആറു മാസമായി വരുമാനമില്ലാതെ ചെലവ് മാത്രമാണ്.
സ്ഥിതി തുടർന്നാൽ പിടിച്ചു നിൽക്കാനാവില്ലെന്ന് തിയേറ്റർ ഉടമകൾ പറയുന്നു. ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ സിനിമകൾ റിലീസ് ചെയ്യുന്നുണ്ട്. തിയേറ്റർ റീലിസുകളില്ലാതെയാണ് ഓണക്കാലം കടന്നുപോയത്. ഓണ സീസൺ മാത്രമല്ല വിഷുവും, ഈസ്റ്ററും റംസാനും തുടങ്ങിയ സീസണുകൾ എല്ലാം കൊവിഡിൽ തകർന്നു. ഓരോ തിയേറ്ററുകളിലും 10- 20 ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ഈ വർഷം മുഴുവൻ ഈ അവസ്ഥയായിരിക്കുമെന്ന് ജീവനക്കാരും പറയുന്നു.