registrer-office

തളിപ്പറമ്പ്: ഇന്ന് ഉദ്ഘാടനം ചെയ്യുന്ന തളിപ്പറമ്പ് സബ് രജിസ്ട്രാർ ഓഫീസ് പുതിയ കെട്ടിടം പെയിന്റിംഗിനെ ചൊല്ലി വിവാദം. വെള്ള നിറത്തിൽ ചുമരിന് പെയിന്റ് നല്കിയ ശേഷം ചുവന്ന ലൈനുകളും ചുവപ്പിൽ വെള്ളയിലുളള ബോർഡ് സ്ഥാപിച്ചതും പരാതിക്കിടയാക്കിയിരിക്കുകയാണ്. സർക്കാർ സർക്കുലർ പ്രകാരം 60 ശതമാനം മഞ്ഞയും 40 ശതമാനം പച്ചയും ചേർന്ന നിറമാണ് കെട്ടിടങ്ങൾക്ക് നൽകേണ്ടതെന്നും ഇതിൽ കറുപ്പിലോ വെളുപ്പിലോ ഓഫീസിന്റെ പേരെഴുതാമെന്നുമാണ് നിർദ്ദേശമെന്നും ഇതൊക്കെ പാടെ തള്ളിക്കളഞ്ഞുകൊണ്ടാണ് തളിപ്പറമ്പ് സബ് രജിസ്ട്രാർ ഓഫീസിന് സി.പി.എം പാർട്ടി ഓഫീസിൽ അടിക്കുന്ന നിറം നല്കിയിരിക്കുന്നതെന്നും യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വി. രാഹുൽ ആരോപിച്ചു.

രജിസ്‌ട്രേഷൻ വകുപ്പിൽ കാര്യം അറിയിച്ചപ്പോൾ ഉദ്ഘാടനം നടത്തി കൈമാറുന്നതുവരെ വകുപ്പിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നാണ് ഇവർ പറയുന്നത്. കെട്ടിടത്തിന്റെ നിറം അടിയന്തരമായി മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. കളക്ടർക്കും പി.ഡബ്‌ള്യു.ഡി ബിൽഡിംഗ് സെക്ഷൻ തിരുവനന്തപുരത്തേക്കും യൂത്ത് കോൺഗ്രസ് പരാതി നൽകും. എന്നാൽ കിഫ്ബിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ കെട്ടിട നിർമ്മാണ പ്രവർത്തനം സർക്കാർ ഉടമസ്ഥതയിലുള്ള കേരളാ കൺസ്ട്രക്ഷൻ കോർപറേഷനാണ് നിർവ്വഹിച്ചത്. ഇതേ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത സംസ്ഥാനത്തെ വിവിധ ജില്ലകളിലെ സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടങ്ങളുടെയും നിറം ഇതുപോലെയാണെന്നും പറയുന്നു.