കോഴിക്കോട്: കയറ്റുമതി നിരോധിച്ചിട്ടും സവാള സവാള വില കുതിക്കുന്നു. കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയും വില കിലോഗ്രാമിന് 100 രൂപയിലേക്ക് എത്തുമെന്നാണ് സൂചന.

കേന്ദ്ര സർക്കാർ സവാള കയറ്റുമതി നിരോധിച്ചത് സെപ്തംബർ 15-നാണ്. രാജ്യത്തെ ഏറ്റവും വലിയ സവാള വിപണിയായ നാസിക്കിലെ പിംപൽഗാവ് മാർക്കറ്റിൽ ഈ നിരോധനവേളയിൽ 28 മുതൽ 32 രൂപ വരെയായിരുന്നു മൊത്തവിലയെങ്കിൽ ഇന്നലെ ഒറ്റയടിക്ക് അത് 47 രൂപയായി ഉയർന്നിരിക്കുകയാണെന്ന് കോഴിക്കോട്ടെ ഒരു മൊത്തവ്യാപാരി പറഞ്ഞു. ഇത് കേരളത്തിൽ എത്തുമ്പോഴേക്കും കിലോഗ്രാമിന് 53 രൂപയിലധികം ചെലവ് വരും. ചെറുകിട വ്യാപാരികൾക്ക് 55 രൂപയ്ക്ക് വിറ്റാൽ തന്നെ ഉപഭോക്താക്കളിലെത്തുമ്പോൾ വില 60 രൂപയാകും. ഇപ്പോൾ 48 രൂപയ്ക്കാണ് ചെറുകിട വ്യാപാരികൾക്ക് നൽകുന്നത്. കർഷകരുടെ പക്കൽ പൊതുവെ സ്റ്റോക്ക് ഇല്ലെന്നിരിക്കെ വില ഇനിയും വർദ്ധിക്കാനാണ് സാദ്ധ്യത.

അതിനിടെ, നാസിക്കിലെ വൻകിട കർഷകരും മൊത്തവ്യാപാരികളും ചേർന്നുള്ള ഒത്തുകളി വരുത്തിവെച്ചതാണ് ഈ വിലക്കയറ്റമെന്ന ആരോപണമുണ്ട്. ഇപ്പോൾ വൻകിട കർഷകരുടെയും മൊത്തവ്യാപാരികളുടെയും കസ്റ്റഡിയിൽ മാത്രമേയുള്ളൂ സ്റ്റോക്ക്.

ഇത്തവണ കനത്ത മഴയിൽ ആന്ധ്രപ്രദേശിലും കർണാടകയിലും മാത്രമാണ് സവാള കൃഷി നശിച്ചത്. ഏറ്റവും വലിയ ഉത്പാദന കേന്ദ്രമായ നാസിക് ജില്ലയിൽ കാര്യമായ നാശനഷ്ടം നേരിട്ടിട്ടില്ല.

സവാള ക്ഷാമം പ്രകടമായിരിക്കെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ മൊത്തവ്യാപാരികൾ അഫ്ഗാനിസ്ഥാനിൽ നിന്ന് സവാള ഇറക്കുമതി ചെയ്യാൻ അനുമതി തേടി നീക്കം തുടങ്ങിയിട്ടുണ്ട്. എന്നാൽ, അഫ്ഗാൻ സവാളയ്ക്ക് ഗുണനിലവാരം കുറവാണെന്ന് മാത്രമല്ല ഇവിടയുള്ളവ‌ർക്ക് അതിന്റെ രുചി ഇഷ്‌ടമല്ലെന്ന പ്രശ്നവുമുണ്ട്. കഴിഞ്ഞ വർഷം ഇവിടെ വില വല്ലാതെ ഉയർന്നപ്പോൾ അഫ്ഗാൻ സവാള ഇറക്കുമതി ചെയ്തെങ്കിലും കാര്യമായ ഡിമാൻഡുണ്ടായിരുന്നില്ല.