tractor

കൽപ്പറ്റ: ട്രെയിലർ ഉൾപ്പെടുത്തി പബ്ലിക് കാരിയേജ് രജിസ്‌ട്രേഷൻ അനുവദിക്കാൻ മോട്ടോർ വാഹന വകുപ്പ് തയ്യാറാകാത്തത് കാർഷികാവശ്യത്തിന് ട്രാക്ടർ വാങ്ങിയ ആളുകളെ ഗതികേടിലാക്കി. ട്രെയിലർ ഘടിപ്പിച്ച് ഓടിക്കാൻ കഴിയാതെ വലയുകയാണ് വായ്പയെടുത്ത് ട്രാക്ടർ വാങ്ങിയവർ. ട്രെയിലർ അറ്റാച്ച്ഡ് രജിസ്‌ട്രേഷൻ ഇല്ലാത്തതിനാൽ ഒരു വർഷത്തിലധികമായി ട്രാക്ടർ നിർത്തിയിട്ടിരിക്കുന്നവർ ജില്ലയിലുണ്ട്.

10 ലക്ഷം രൂപ വരെ വിലവരുന്നതാണ് ട്രാക്ടർ. വായ്പകൾ തിരിച്ചടയ്ക്കാൻ കഴിയാതെയും കൃഷിക്കാർ ബുദ്ധിമുട്ടുകയാണ്.

കൽപ്പറ്റ ആർ.ടി.ഒ ഓഫീസിൽ 2018 ഏപ്രിലിനുശേഷം അഗ്രികൾച്ചറൽ ട്രാക്ടർ ട്രെയിലർ ഘടിപ്പിച്ച് പബ്ലിക് കാരിയേജ് രജിസ്‌ട്രേഷൻ നൽകുന്നില്ല. ട്രാക്ടർ പ്രൈവറ്റ് കാരിയേജായി മാത്രം രജിസ്റ്റർ ചെയ്യുകയാണ് ഉദ്യോഗസ്ഥർ. ഇത്തരം ട്രാക്ടർ ട്രയിലർ ഘടിപ്പിച്ച് നിരത്തിലിറക്കുന്നവർക്കെതിരെ ഉദ്യോഗസ്ഥർ നിയമനടപടിയെടുക്കും.
2019 മാർച്ച് 29ലെ സുപ്രീം കോടതി ഉത്തരവിന്റെ ചുവടുപിടിച്ചാണ് ട്രെയിലർ ഘടിപ്പിച്ച ട്രാക്ടറിനു പബ്ലിക് കാരിയേജ് രജിസ്‌ട്രേഷൻ അനുവദിക്കാത്തതെന്ന് കർഷകർ പറയുന്നു. സുപ്രീം കോടതി ഉത്തരവനുസരിച്ചു ഭാരത് സ്റ്റേജ് ഫോർ എമിഷൻ സ്റ്റാൻഡേർഡുള്ള വാഹനമാണെങ്കിൽ മാത്രമേ രജിസ്റ്റർ ചെയ്യാൻ കഴിയൂ.
നോൺ ട്രാൻസ്‌പോർട്ട് വാഹനമാണ് ട്രാക്ടർ. ഇതിനോടു ട്രയിലർ ചേർക്കുമ്പോൾ വാഹനം ഗുഡ്സ് കാരിയേജ് ആകുകയും കേന്ദ്ര മോട്ടോർ വാഹനച്ചട്ടത്തിലെ 2(0)ന് കീഴിലെ കാറ്റഗറി 'എൻ'ൽ വരികയും ചെയ്യും. കുറഞ്ഞത് നാലു ചക്രങ്ങളുള്ളതും ആളുകളെ കൂടാതെ ചരക്കും കയറ്റാവുന്ന വാഹനങ്ങളാണ് കാറ്റഗറി 'എൻ'ൽ ഉൾപ്പെടുന്നത്. ട്രെയിലർ ചേർത്ത ട്രാക്ടറിന് പബ്ലിക് കാരിയേജ് രജിസ്‌ട്രേഷൻ അനുവദിക്കുന്നതു കോടതി ഉത്തരവിലെ നിർദേശങ്ങൾക്കു വിരുദ്ധമാകുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
കാർഷികാവശ്യത്തിന് വാങ്ങുന്ന ട്രാക്ടർ ട്രയിലർ ഘടിപ്പിച്ച് പബ്ലിക് കാരിയേജായി രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്ന് ഡീലർമാർ കർഷകരെ അറിയിച്ചിരുന്നില്ല. മോട്ടോർ വാഹന വകുപ്പ് അധികാരികളും ഇക്കാര്യം വ്യക്തമാക്കിയിരുന്നില്ലന്നും കർഷകർ പറയുന്നു.
നിർമാണത്തിനുള്ള ഉപകരണങ്ങളടങ്ങുന്ന വാഹനങ്ങൾ,കാർഷികാവശ്യത്തിനുള്ള ട്രാക്ടറുകൾ,കൊയ്ത്തുമെതി യന്ത്രം,പവർ ടില്ലർ എന്നിവയുടെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് കേന്ദ്ര റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേസ് മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളിലെയും ട്രാൻസ്‌പോർട്ട് കമ്മീഷണർമാർക്കു 2020 മാർച്ച് 17നു കത്ത് നൽകിയിരുന്നു.
കാർഷികാവശ്യത്തിന് വാങ്ങിയ ട്രാക്ടറുകൾക്ക് ട്രെയിലർ ഘടിപ്പിച്ച് പബ്ലിക് കാരിയേജ് രജിസ്‌ട്രേഷൻ അനുവദിക്കുന്നതിനു സർക്കാർ പ്രത്യേക ഉത്തരവ് ഇറക്കണമെന്നാണ് കർഷകരുടെ ആവശ്യം. മറ്റു സംസ്ഥാനങ്ങളിൽ പ്രൈവറ്റ് കാരിയേജായി രജിസ്റ്റർ ചെയ്ത ട്രാക്ടർ ട്രയിലർ ഘടിപ്പിച്ച് ഓടുമ്പോൾ നിയമ നടപടി ഉണ്ടാവുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. കാർഷികാവശ്യത്തിന് ട്രാക്ടർ വാങ്ങിയവർക്ക് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സബ്സിഡി രണ്ടു വർഷമായി ആർക്കും ലഭിച്ചിട്ടില്ലെന്നും കർഷകർ പറയുന്നു.