bridge

സ്വർഗക്കുന്നിലേക്കുള്ള തൂക്കുപാലം

കോഴിക്കോട്: അപകടം പതിയിരിക്കുന്ന പുഴ. 'അടുത്തത് നിങ്ങളാകാതിരിക്കട്ടെ' എന്ന മുന്നറിയിപ്പ് ബോർഡ്‌ കണ്ടുവേണം തുക്കുപാലത്തിലൂടെ സ്വർഗക്കുന്നിലേക്ക് കയറാൻ. കവുങ്ങിൻതടികൾ കമ്പിയിട്ട് കെട്ടിയതാണ് പാലം. കാലൊന്ന് തെന്നിയാൽ തീർന്നു.

സുരക്ഷിത താവളം തേടി മറ്റു വീട്ടുകാരൊക്കെയും സ്വർഗക്കുന്ന് വിട്ടപ്പോഴും ആനക്കുടിയിൽ ജോസഫും കുടുംബവും അവിടെ തങ്ങുകയായിരുന്നു. വർഷങ്ങളായി മലമുകളിൽ ഒറ്റക്കൂട്ടരായി ജീവിതം. ഈ ചിത്രം അപ്പാടെ മാറുകയാണ്. രാജ്യത്തെ മൂന്നാമത്തെ തുരങ്ക പാതയുടെ പ്രവേശനകവാടം ഏറെ വൈകാതെ ഇവിടെ യാഥാർത്ഥ്യമാവും. അതോടെ ടൂറിസത്തിന്റെ സ്വർഗമാവും ഈ കുന്നെന്നാണ് പരിസര ദേശക്കാരെപ്പോലെ ജോസഫും പ്രതീക്ഷിക്കുന്നത്. കൊങ്കൺ റെയിൽവേ സർവേയും നിർമ്മാണച്ചുമതലയും ഏറ്റെടുത്ത ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപ്പാതയുടെ തുടക്കം സ്വർഗക്കുന്നിലാണ്.

ജോസഫിന് 11 വയസുള്ളപ്പോഴാണ് 1969-ൽ കുടുംബം ആനക്കാംപൊയിലിലെ കുന്നിൻമുകളിലെത്തുന്നത്. കൃഷി തന്നെ ഉപജീവനമാർഗം. കുറേക്കാലം കഴിഞ്ഞപ്പോൾ അവിടെയുണ്ടായിരുന്ന ഏഴെട്ടു വീട്ടുകാർ താഴെയിറങ്ങി. മറ്റെങ്ങും പോവാൻ മനസുണ്ടായിരുന്നില്ല ജോസഫിന്.

അപ്പനും അമ്മയും സഹോദരങ്ങളുമായി ഇവിടെയെത്തിയതിന്റെ ഓർമ്മ മങ്ങാതെയുണ്ട് ജോസഫിന്. ആദ്യകാലത്ത് ഏറുമാടത്തിലായിരുന്നു താമസം. പിന്നീടാണ് മൺകട്ടകൊണ്ടു കൊച്ചുവീട് തീർക്കുന്നത്. മഴ തുടങ്ങിയാൽ ഒന്നോ രണ്ടോ മാസത്തെ ബുദ്ധിമുട്ട് മാത്രമേ ഇവിടെയുള്ളൂവെന്നാണ് ജോസഫ് പറയുന്നത്. ആ രണ്ടു മാസത്തേക്ക് അരിയും മറ്റും സാധനങ്ങളും സംഘടിപ്പിക്കാനുള്ള പ്രയാസമാണ് ഭാര്യ അൽഫോൻസയ്ക്ക് പറയാനുള്ളത്. മഴക്കാലമായാൽ വൈദ്യുതിയും ഉണ്ടാവില്ല. മകൻ മാനുവലിന് കോട്ടയത്താണ് ജോലി. മകൾ അന്നമ്മ കോടഞ്ചേരി കോളേജിൽ മൂന്നാംവർഷ വിദ്യാർത്ഥിനിയാണ്.

 പുതുവെളിച്ചം വരും

ഒരാഴ്ച മുമ്പ് പാൽ വിൽക്കാൻ പോയപ്പോൾ ഒറ്റയാനെ കണ്ട് തിരിച്ചോടുന്നതിനിടെ വീണ് കാലിന് നീരു വീങ്ങിയ അവസ്ഥയിലാണ് ജോസഫ്. ചെങ്കുത്തായ ഇറക്കവും പാറക്കൂട്ടവും താണ്ടിയാണ് പാൽ വിൽക്കാൻ ആനക്കാംപൊയിലെത്തുന്നത്. പശുവും ആടും കോഴിയുമൊക്കെയായിട്ടാണ് ജോസഫും കുടുംബവും കഴിയുന്നത്. തുരങ്കപ്പാത വരുന്നതോടെ തങ്ങളുടെ ജീവിതത്തിന് പുതുവെളിച്ചമാവും എന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.