പേരാമ്പ്ര: ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കൂത്താളി പ്രാഥമിക ആരോഗ്യകേന്ദ്രം അടച്ചു. പേരാമ്പ്ര സ്വദേശിനിയായ ഫാർമസിസ്റ്റിനാണ് ഇന്നലെ ചങ്ങരോത്ത് നടത്തിയ പരിശോധനയിൽ ഫലം പോസിറ്റീവായത്. ഇവർക്കും വീട്ടുകാർക്കും പനിയുടെ ലക്ഷണങ്ങൾ ഉള്ളതിനെ തുടർന്ന് ആരോഗ്യ പ്രവർത്തക പരിശോധനയ്ക്ക് വിധേയയാകുകയായിരുന്നു. പ്രാഥമിക സമ്പർക്ക പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കി. പി.എച്ച്‌.സിയിൽ മരുന്ന് വാങ്ങാനെത്തിയ 20 പേർ ഉൾപ്പെടെ 23 പേർക്ക് മാത്രമാണ് ഇവരുമായി പ്രാഥമിക സമ്പർക്കമുള്ളതായി അറിയുന്നത്. ഇവരോട് ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച കൂത്താളിയിൽ ആന്റിജൻ പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.