കോഴിക്കോട്: 'എനിവേർ രജിസ്ട്രേഷൻ' ഉടൻ നടപ്പാക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. ജില്ലയിൽ ഏത് സബ് രജിസ്ട്രാർ ഓഫീസിലും ആധാരം രജിസ്റ്റർ ചെയ്യാനുള്ള സംവിധാനമാണിത്. കാലതാമസവും അഴിമതിയും ഇല്ലാതെ മെച്ചപ്പെട്ട സേവനം നൽകാൻ ഇതുവഴി സാധിക്കും. ചേളന്നൂർ സബ്‌രജിസ്ട്രാർ ഓഫീസിന്റെ പുതിയ കെട്ടിട ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു മന്ത്രി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ശോഭന അദ്ധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡ് റീജിയണൽ മാനേജർ വി.വി അജിത് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ രജിസ്ട്രാർ ജനറൽ പി. വിലാസിനി, ചേളന്നൂർ സബ് രജിസ്ട്രാർ സി. സരോജിനി, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി. വത്സല, കുണ്ടൂർ ബിജു, കെ. ജമീല, പഞ്ചായത്ത് അംഗം ഹമീദ് തുടങ്ങിയവർ പങ്കെടുത്തു.