കോഴിക്കോട്: സസ്പെൻഷനിൽ കഴിയുന്ന സിറ്റി കൺട്രോൾ റൂമിലെ പൊലീസ് ഉദ്യോഗസ്ഥൻ ഉമേഷ് വള്ളിക്കുന്നിന് വീണ്ടും കാരണം കാണിക്കൽ നോട്ടീസ്.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട അലനും താഹയ്ക്കും ജാമ്യം അനുവദിച്ച കോടതി വിധി പരാമർശിച്ച് ഫേസ് ബുക്കിൽ പോസ്റ്റിട്ടതിന്റെ പേരിലാണ് സിറ്റി പൊലീസ് കമ്മിഷണർ എ.വി ജോർജ്ജ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. പ്രതികൾക്ക് അനുകൂലമായ വിധത്തിലും പൊലീസ് വകുപ്പിനെ അവഹേളിക്കുന്ന തരത്തിലുമാണ് പോസ്റ്റെന്ന് മെമ്മോയിൽ പറയുന്നു. ഏഴ് ദിവസത്തിനകം മറുപടി നൽകാനാണ് നിർദ്ദേശം.
വേട്ട തുടങ്ങിക്കഴിഞ്ഞതായും അടുത്ത മെമ്മോ ഉച്ചയ്ക്ക് കൈപ്പറ്റിയതായും ഉമേഷ് തൊട്ടു പിറകെ ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഏതു തൊഴിലും ചെയ്യാൻ മടിയില്ല. അഥവാ മടി തോന്നിയാൽ പോലും മനസ്സിനെയും ശരീരത്തെയും പാകപ്പെടുത്തി ഏത് തൊഴിലെടുക്കാനും സജ്ജമാക്കാൻ ഈ സസ്‌പെൻഷൻ കാലം വിനിയോഗിക്കും. ഉമേഷ് പോസ്റ്റിൽ വ്യക്തമാക്കി.