കോഴിക്കോട്: മലബാറിന്റെ വികസനവഴിയിൽ നാഴികക്കല്ലായി മാറുന്ന തുരങ്കപാതയുടെ സർവേ പ്രാരംഭ പ്രവർത്തനങ്ങൾക്ക് ഇന്നലെ തുടക്കമായി. കോഴിക്കോട്,വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് നിർദ്ദിഷ്ട ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപാത. പദ്ധതി നിർവഹണ ഏജൻസിയായ കൊങ്കൺ റെയിൽവേ കോർപറേഷന്റെ സീനിയർ സെക്‌ഷൻ എൻജിനിയർ മുരളിയുടെ നേതൃത്വത്തിലുള്ള 16 അംഗ സംഘം ഇന്നലെ ആനക്കാംപൊയിൽ, മറിപ്പുഴ ഭാഗങ്ങളിലെത്തി. സംഘം ഇന്ന് വയനാട്ടിലെ മേപ്പാടി സന്ദർശിക്കും.
രണ്ടു വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്ന് സീനിയർ സെക്‌ഷൻ എൻജനിയർ മുരളി പറഞ്ഞു. പദ്ധതിയുടെ സർവേയുൾപ്പെടെയുള്ള പഠനങ്ങൾക്കായി ക്യുമാക്‌സ് എന്ന കൺസൾട്ടൻസിയെ ഏല്പിച്ചിരിക്കുകയാണ് കൊങ്കൺ റെയിൽവേ. തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ആനക്കാംപൊയിലിന് സമീപത്തെ സ്വർഗക്കുന്ന് മുതൽ വയനാട്ടിലെ കള്ളാടി വരെ 6. 8 കിലോമീറ്റർ ദൈർഘ്യത്തിൽ രണ്ടു വരി പാതയിലാണ് തുരങ്കം തീർക്കുന്നത്. തുരങ്കത്തെ ബന്ധിപ്പിച്ച് രണ്ടുവരി അപ്രോച്ച് റോഡും കുണ്ടൻതോടിൽ 70 മീറ്റർ നീളത്തിൽ പാലവും നിർമ്മിക്കും.
താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നതോടൊപ്പം മലബാറിലെ വിനോദസഞ്ചാര മേഖലയ്ക്കും പദ്ധതി മുതൽക്കൂട്ടാവും. സംസ്ഥാന സർക്കാർ നൂറുദിന കർമ്മ പദ്ധതിയിലുൾപ്പെടുത്തിയ തുരങ്കപാതയുടെ ഔദ്യോഗിക ലോഞ്ചിംഗ് ഒക്ടോബർ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കിഫ്ബിയിൽ ഉൾപ്പെടുത്തി 658 കോടിയുടെ ഭരണാനുമതി നൽകിയിട്ടുണ്ട് സർക്കാർ.
'സർക്കാരിന്റെ സ്വപ്നപദ്ധതിയായ ഈ തുരങ്കപാത പ്രകൃതിയ്ക്ക് കോട്ടംതട്ടാത്ത തരത്തിലായിരിക്കും.
മുരളി,
സീനിയർ സെക്‌ഷൻ എൻജിനിയർ,
കൊങ്കൺ റെയിൽവേ കോർപറേഷൻ
'പ്രരംഭ പ്രവർത്തനത്തിന്റെ ഭാഗമായി തുരങ്കം കടന്നുപോകുന്ന പ്രദേശങ്ങൾ മുഴുവൻ സന്ദർശിക്കും. കാലാവസ്ഥ അനുകുലമാവുന്നതിനുസരിച്ച് തുടർപ്രവർത്തനങ്ങൾ വൈകാതെയുണ്ടാവും.
കെ.വിനയരാജ്,
എക്‌സിക്യുട്ടിവ് എൻജിനീയർ,
പി.ഡബ്ള്യു.ഡി