unlimited

മാനന്തവാടി: യാത്രക്കാരെ ആകർഷിക്കുന്നതിന്നായി നൂതന പദ്ധതിയുമായി കെ.എസ്.ആർ.ടി.സി അൺലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി സർവീസുകൾ ആരംഭിക്കുന്ന പദ്ധതിക്ക് ജില്ലയിൽ തുടക്കമായി.

കൈകാണിക്കുന്നിടത്ത് നിറുത്തി യാത്രക്കാരെ കയറ്റുന്ന വിധത്തിലാണ് സർവീസ് നടത്തുന്നത്. യാത്രക്കാരെ കെ.എസ്.ആർ.ടി.സിയിലേക്ക് കൂടൂതൽ ആകർഷിക്കുക എന്നതാണ് ലക്ഷ്യം.

ആദ്യ സർവീസ് ഇന്നലെ രാവിലെ 8. 15ന് മാനന്തവാടിയിൽ നിന്നും പുറപ്പെട്ട് 10. 30ന് ബത്തേരിയിൽ എത്തി. പനമരം- വരദൂർ -മീനങ്ങാടി വഴിയാണ് സർവീസ്. അംഗീകൃത സ്റ്റോപ്പുകളിൽ മാത്രമേ നിർത്തി യാത്രക്കാരെ കയറ്റുകയും, ഇറക്കുകയും ചെയ്യൂ എന്ന നിലപാട് മാറുമ്പോൾ കൂടുതൽ യാത്രക്കാരെ ബസ്സുകളിലേക്ക് അടുപ്പിക്കാനും ലാഭത്തിലെത്തിക്കാനുമാകുമെന്ന പ്രതീക്ഷയാണ് അധികൃതർക്കുള്ളത്. ഈ സർവ്വീസ് മറ്റ് പ്രധാന റൂട്ടുകളിലും ആരംഭിക്കാൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.ആദ്യ സർവ്വീസിന്റ് ഫ്ളാഗ് ഓഫ് ഒ.ആർ.കേളു എം.എൽ.എ നിർവ്വഹിച്ചു. നഗരസഭ ചെയർമാൻ വി.ആർ.പ്രവീജ് അദ്ധ്യക്ഷത വഹിച്ചു.