കുന്ദമംഗലം: സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാൻ സൗകര്യമുള്ള പള്ളികളിൽ വെള്ളിയാഴ്ചത്തെ ജുമുഅ നിസ്കാരത്തിനും പൊതു ജമാഅത്തിനും കൂടുതൽ പേർക്ക് പങ്കെടുക്കുവാൻ അനുമതി നൽകണമെന്ന് കുന്ദമംഗലം മേഖലാ മഹല്ല് കോ ഓർഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. മുൻകരുതലിൻറെ ഭാഗമായി റോഡരികിലെയും ടൗണിലെയും മിക്ക പള്ളികളും പ്രധാന സമയത്ത് മാത്രം തുറന്ന് പിന്നീട് അടച്ചിടുകയുമാണ് ഇപ്പോഴും ചെയ്യുന്നത്. മറ്റു ജില്ലകളിൽ നൂറ് പേർക്ക് ജുമുഅയ്ക്ക് അവസരം ഉള്ളപ്പോൾ, കോഴിക്കോട് ജില്ലയിൽ മാത്രം 40 പേർക്കാണ് അനുമതി. കൂടുതൽ അംഗങ്ങളുള്ള മഹല്ലുകളിൽ ഇത് പ്രശ്നങ്ങൾക്ക് ഇടവരുത്തുന്നതിനാൽ ഈ തീരുമാനം പുനപരിശോധിക്കണമെന്നും പള്ളികളിൽ നടക്കുന്ന പ്രാർത്ഥനയിൽ കൂടുതൽ പേർക്ക് പങ്കെടു ക്കാൻ അവസരം നൽകണമെന്നും ചൂണ്ടിക്കാണിച്ച് ജില്ലാ കലക്ടർക്ക് കമ്മിറ്റി നിവേദനം നൽകി.

അനുകൂല തീരുമാനമുണ്ടായില്ലങ്കിൽ കലക്ടറേറ്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കാൻ കമ്മറ്റി തീരുമാനിച്ചു. പതിനൊന്നാം വയസ്സിൽ ഖുർആൻ മനപാഠമാക്കിയ ഫാത്തിമ റൈഹാനയെ ചടങ്ങിൽ അനുമോദിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി കോയ ഉപഹാരം നൽകി. ബീരാൻ ഹാജി കാരന്തൂർ യോഗം ഉദ്ഘാടനം ചെയ്തു.. സൈനുദ്ദീൻ നിസാമി അദ്ധ്യക്ഷത വഹിച്ചു,. എം.കെ സഫിർ, എ .അലവി. അഷ്റഫ് പിലാശ്ശേരി, ഉമർ നവാസ്, അഷ്റഫ് കാരന്തൂർ, പി .ഷൗക്കത്തലി, അബ്ദു റസാഖ് പൈക്കാട്ട്, പി.കെ അബൂബക്കർ എന്നിവർ പ്രസംഗിച്ചു,