കോഴിക്കോട്: ആയിരം കോഴികളെ വരെ വളർത്താൻ ഇനി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസൻസിന് കാത്തിരിക്കണ്ട. സാങ്കേതിക നൂലാമാലകളിൽ കുടുങ്ങി വലയുന്ന കർഷകർക്ക് ആശ്വാസമായാണ് മന്ത്രിസഭാ തീരുമാനം.

നിലവിൽ കർഷകർക്ക് നൂറ് കോഴികളെ മാത്രമേ ലൈസൻസില്ലാതെ വളർത്താനാകൂ. ഇതിലധികം കോഴികളെ വളർത്തണമെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് ലൈസൻസ് എടുക്കണം. ലൈസൻസ് ലഭിക്കാൻ ഒട്ടേറെ കടമ്പകൾ ഉണ്ട്. ഇത് കർഷകരെ സംബന്ധിച്ചിടത്തോളം ഒട്ടേറെ പ്രയാസങ്ങൾ സൃഷ്ടിച്ചിരുന്നു.

സംസ്ഥാന സർക്കാറിന്റെ തീരുമാനം ജനങ്ങൾക്ക് അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വിഷമയമായ ഇറച്ചികളിൽ നിന്ന് മോചനം ലഭിക്കുമെന്ന് പൗൾട്ടറി ഫാർമേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. സംസ്ഥാന സർക്കാറിനെയും മുഖ്യമന്ത്രിയെയും അവർ അഭിനന്ദിച്ചു. ആയിരം ഇറച്ചിക്കോഴികളെയോ മുട്ടക്കോഴികളെയോ വളർത്തുകയാണെങ്കിൽ ഒരു കുടുംബത്തിന് ദാരിദ്ര്യമില്ലാതെ ജീവിച്ച് പോകാൻ സാധിക്കും.

ഫാം നിർമ്മാണ ചട്ടങ്ങളിലെ സങ്കീർണമായ പ്രശ്നങ്ങളും ലൈസൻസിനായി തദ്ദേശ വകുപ്പ് അധികൃതരുടെ ഉപദ്രവ നടപടികളും ഇതോടെ ഇല്ലാതാകും. നിലവിലുള്ള മാറ്റം കോഴി കർഷകർക്ക് ഏറെ പ്രതീക്ഷ നൽകുന്നു. ഇനി കാർഷിക പരിഗണനയാണ് വേണ്ടതെന്ന് കർഷകർ പറയുന്നു.

എങ്കിൽ മാത്രമെ നബാർഡ് പോലുള്ള സ്ഥാപനങ്ങളിൽ നിന്ന് ലോൺ ലഭിക്കൂ. ഇതിന് പുറമെ കോഴി വളർത്തലിൽ കർഷകരെ സഹായിക്കുന്നതിന് വേണ്ടി ഗവൺമെന്റ് തലത്തിൽ ഒരു ഏജൻസിയും ആരംഭിക്കണം. നിലവിൽ കർഷകർക്ക് വേണ്ട നിർദ്ദേശങ്ങളും മറ്റ് സഹായങ്ങളും നൽകാൻ സർക്കാർ തലത്തിൽ ഒരു ഏജൻസി അത്യാവശ്യമാണ്.

കൊവിഡ് കാലമായതിനാൽ കൂടുതൽ പ്രവാസികളും തൊഴിൽ സംരംഭകരും ഇതൊരു ഉപജീവന മാർഗ്ഗമായി സ്വീകരിക്കുന്നുണ്ട്. ഇങ്ങനെ വരുമ്പോൾ കേരളം കോഴിവളർത്തൽ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കും

ടി. നാരായണൻ

പൗൾട്ടറി ഫാർമേഴ്‌സ് അസോസിയേഷൻ സെക്രട്ടറി