കോഴിക്കോട്: ആനക്കാംപൊയിൽ -കള്ളാടി-മേപ്പാടി തുരങ്കപാത സാങ്കേതിക പഠനത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന്റെയും കൊങ്കൺ റെയിൽവേ കോർപ്പറേഷന്റെയും സംയുക്ത സംഘം തുരങ്കപാത അവസാനിക്കുന്ന വയനാട്ടിലെ കള്ളാടിയിൽ സന്ദർശനം നടത്തി. 6.8 കിലോമീറ്റർ ദൂരം വരുന്ന തുരങ്കപാത കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിൽ സ്വർഗംകുന്നിൽ നിന്നാണ് ആരംഭിക്കുന്നത്. പഠനത്തിന് തുടക്കം കുറിച്ച് ജോർജ് എം. തോമസ് എം.എൽ.എയുടെ നേതൃത്വത്തിൽ വിദഗ്ദ്ധ സംഘം ചൊവ്വാഴ്ച ആനക്കാംപൊയിലിലെ മറിപ്പുഴ സന്ദർശിച്ചിരുന്നു. തുടർന്നുള്ള പരിശോധനയ്ക്കായാണ് കള്ളാടിയിലും സന്ദർശനം നടത്തിയത്. മറിപ്പുഴയിൽ വനഭൂമിയിൽ സർവേ നടത്തുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് അധികൃതർ ബുധനാഴ്ച കോഴിക്കോട് ഡി.എഫ്.ഒയ്ക്ക് അപേക്ഷ നൽകി. തുരങ്കപാത തുടങ്ങുന്നതും അവസാനിക്കുന്നതുമായ സ്ഥലങ്ങൾ തിട്ടപ്പെടുത്തി കഴിഞ്ഞാൽ സർവേ ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനിയർ കെ. വിനയരാജ് പറഞ്ഞു. വയനാട് പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനിയർ ഹരീഷ്, കെ.ആർ.സി.എൽ സീനിയർ സെക്ഷൻ എൻജിനിയർ മുരളിധർ, 'ക്യുമാക്‌സ്' കൺസൾട്ടൻസി ടെക്‌നിക്കൽ അസിസ്റ്റന്റ് അശ്വിൻ ജാദവ് എന്നിവരടങ്ങിയ സംഘമാണ് കള്ളാടിയിലെത്തിയത്.