മുക്കം: പെൻഷൻ കാര്യം അന്വേഷിക്കാൻ മുക്കത്ത് വന്ന് മടങ്ങുകയായിരുന്ന വൃദ്ധയുടെ പേഴ്സ് തട്ടിപ്പറിച്ചു കടന്നു കളഞ്ഞതായി പരാതി. കച്ചേരി സ്വദേശിനി അമ്മുവിന്റെ പേഴ്സാണ് നഷ്ടപ്പെട്ടത്. നടന്നു പോകവെ അരികെ നിറുത്തിയ ഓട്ടോറിക്ഷയിലുണ്ടായിരുന്നയാൾ തന്നോട് വാഹനത്തിൽ കയറാൻ പറഞ്ഞെന്നും ഇല്ലെന്ന് പറഞ്ഞപ്പോൾ കൈയിലുണ്ടായിരുന്ന പേഴ്സ് തട്ടിപ്പറിച്ച് കടന്നു കളയുകയാണുണ്ടായതെന്നും അമ്മു പറയുന്നു. ഇന്നലെ ഉച്ചയ്ക്ക് മുക്കം അങ്ങാടിയിൽ പി.സി. ജംഗ്ഷനിലാണ് സംഭവം. മുക്കം പൊലീസ് അന്വേഷണം തുടങ്ങി. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്.