kovid

കോഴിക്കോട്: ജില്ലയിൽ പ്രതിദിന കൊവിഡ് ബാധിത‌ർ 500 കടന്നതോടെ വൈറസ് വ്യാപനം തടയാൻ പരിശോധനകൾ കൂ‌ട്ടി

ജില്ലാ ഭരണകൂടം. ഈ മാസം 22 വരെ 311, 763 കൊവിഡ് പരിശോധനകളാണ് ജില്ലയിൽ നടത്തിയത്. 20 ദിവസംകൊണ്ട് ഒരു ലക്ഷം പേരെ പരിശോധനയ്ക്ക് വിധേയരാക്കി. സർക്കാർ സംവിധാനത്തിലൂടെ 137, 121 ആന്റിജൻ പരിശോധനകളും 11, 086 ട്രൂനാറ്റ് പരിശോധനകളും 79, 019 ആർ.ടി.പി.സി.ആർ പരിശോധനകളും നടത്തി. കൂടാതെ 47 ആന്റിബോഡി പരിശോധനകളും നടത്തിയിട്ടുണ്ട്. സ്വകാര്യ ലാബുകളിൽ 84, 490 പരിശോധനകളാണ് നടത്തിയിട്ടുള്ളത്. രോഗ വാഹകരെ പരിശോധനയിലൂടെ കണ്ടെത്തി പൊതു ഇടപെടലിൽ നിന്ന് മാറ്റി ചികിത്സ ലഭ്യമാക്കുകയും രോഗ വ്യാപനം തടയുകയാണ് പരിശോധനകൾ കൂട്ടുന്നതിലൂടെ ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്. സമ്പർക്ക പട്ടികയിൽ ഉൾപ്പെടുന്നവരും രോഗലക്ഷണമുള്ളവരും കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കൂടുതൽ രോഗികളുള്ള ക്ലസ്റ്റർ മേഖലകളിലും ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളിലുമാണ് കൂടുതൽ പരിശോധനകൾ നടത്തി വരുന്നത്. മറ്റു രോഗ ബാധിതർ, ആരോഗ്യ പ്രവർത്തകർ, വിദേശത്തുനിന്ന് എത്തിയവർ, അയൽ സംസ്ഥാനത്തുനിന്ന് വരുന്നവർ, അന്യ സംസ്ഥാന തൊഴിലാളികൾ എന്നിവർക്കെല്ലാം പരിശോധന ഉറപ്പുവരുത്തുന്നുണ്ട്. മത്സ്യമാർക്കറ്റ്, ഹാർബറുകൾ, തീരദേശ മേഖലയിലെ വാർഡുകൾ, എന്നിവിടങ്ങളിലാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്. പഞ്ചായത്ത് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ കൊവിഡ് പരിശോധന സൗകര്യം ലഭ്യമാണ്. ജില്ലയിൽ ഇന്നലെ വരെ 12, 914 പേരാണ് കൊവിഡ് പോസിറ്റീവായത്. 8771 പേർ രോഗമുക്തരായി. 47 പേർ മരിച്ചു. ആകെയുള്ള ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 4.17 ശതമാനമാണ്. ദിവസവും ഏഴായിരം പരിശോധനകളാണ് ജില്ലയിൽ നടത്തുന്നത്. ഇന്നലെ 6,906 സ്രവ സാംപിൾ പരിശോധനയ്ക്കയച്ചു. 3,08,693 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 2,96,283 എണ്ണം നെഗറ്റീവ് ആണ്. ഇനി 3,070 പേരുടെ ഫലംകൂടി ലഭിക്കാനുണ്ട്.

504 പേർക്ക് കൂടി കൊവിഡ്

ജില്ലയിൽ ഇന്നലെ 504 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ മൂന്നു പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ 12 പേർക്കുമാണ് പോസിറ്റീവായത്. 37 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 452 പേർക്കാണ് രോഗം ബാധിച്ചത്. 11 ആരോഗ്യപ്രവർത്തകരും രോഗികളായി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 4156 ആയി. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 427 പേർ കൂടി രോഗമുക്തിനേടി. മറ്റ് ജില്ലകളിലുള്ള 59 പേർ കോഴിക്കോട്ട് ചികിത്സയിലുണ്ട്. കോഴിക്കോട് കോർപ്പറേഷൻ പരിധിയിലും കക്കോടി, വടകര, ഒഞ്ചിയം , കൊയിലാണ്ടി, പയ്യോളി, ഒളവണ്ണ കുന്ദമംഗലം എന്നിവ‌ിടങ്ങളിലും രോഗികൾ കൂടുകയാണ്.

കൊവിഡിൽ കുരുങ്ങി

കോഴിക്കോട് കോർപ്പറേഷൻ

 442 പേർക്ക് കൊവിഡ്

കൊവിഡ് വ്യാപനം രൂക്ഷമായതോടെ കോഴിക്കോട് കോർപ്പറേഷൻ കടുത്ത ആശങ്കയിൽ. ഇന്നലെ മാത്രം 442 പേർക്ക് കൊവി‌ഡ് സ്ഥിരീകരിച്ചു. പാളയം മാർക്കറ്റിൽ 233 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പോർട്ടർമാ‌ർ, കച്ചവടക്കാ‌ർ, മാർക്കറ്റിലെ തൊഴിലാളികൾ എന്നിവരാണ് രോഗികളിൽ ഏറെയും. കൊവിഡ് ബാധിതരല്ലാത്തവരും ക്വാറന്റൈനിൽ പോകണമെന്നാണ് നിർദ്ദേശം. കുറഞ്ഞത് 4000 പേരെങ്കിലും ക്വാറന്റൈനിൽ പോകേണ്ടിവരുമെന്നാണ് കോർപ്പറേഷന്റെ വിലയിരുത്തൽ. കോർപ്പറേഷനിൽ ഇന്നലെ 1604 പേരിൽ നടത്തിയ പരിശോധനയിലാണ് 442 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. മാങ്കാവ് മർഹബ ഓഡിറ്റോറിയത്തിൽ നടന്ന 195ൽ 42 പേർക്കും, ചക്കുംകടവ് റൗളത്ത് ഇംഗ്ലീഷ് സ്കൂളിൽ നടന്ന 251 പരിശോധനയിൽ 60 പേർക്കും, വെള്ളയിൽ ഗവ. ഫിഷറീസ് യു.പി. സ്കൂളിൽ നടത്തിയ പരിശോധനയിൽ 255ൽ 68 പേർക്കും, ബേപ്പൂർ പി.എച്ച്.സിയിൽ 143ൽ 24 പേർക്കും, ബേപ്പൂർ പി.എച്ച്.സിയിൽ നടത്തിയ ആർ.ടി.പി.സി.ആർ പരിശോധനയിൽ 15 പേർക്കും കൊവിഡ് പോസറ്റീവായി. കോർപ്പറേഷനിലെ നഗരത്തോട് ചേർന്ന ഭാഗങ്ങളിലും ബേപ്പൂരിലുമാണ് കൊവിഡ് വ്യാപിക്കുന്നത്.  സ്കൂൾ പ്രിൻസിപ്പാളിനും അദ്ധ്യാപകർക്കും കൊവിഡ് ഗവ. മെഡിക്കൽ കോളേജ് കാമ്പസ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ ചേവായൂരിൽ പ്രവർത്തിക്കുന്ന ഹയർസെക്കൻഡറി വിഭാഗത്തിലെ പ്രിൻസിപ്പാൾ ഉൾപ്പെടെ മൂന്ന് അദ്ധ്യാപകർക്ക് കൊവിഡ് പോസ്റ്റീവ് . ഈ മാസം 14 മുതൽ 19 വരെ ഈ സ്‌കൂളിൽ പ്രവേശനത്തിന് എത്തിയ കുട്ടികളും രക്ഷിതാക്കളും വീട്ടിൽ നിരീക്ഷണത്തിൽ കഴിയേണ്ടതാണെന്ന് കൗൺസിലർ എം.പി സുരേഷ് അറിയിച്ചു.

233 പേർക്ക് കൊവിഡ്

പാളയം പച്ചക്കറി മാർക്കറ്റ് അടച്ചു

233 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിലെ പ്രധാന പച്ചക്കറി വ്യാപാര കേന്ദ്രമായ പാളയം മാർക്കറ്റ് അടച്ചു. പച്ചക്കറി മാർക്കറ്റിനോട് ചേർന്നുള്ള കടകളും അടച്ചിടും. ഇന്നലെ രാവിലെ 760 പേർക്ക് നടത്തിയ കൊവിഡ് പരിശോധനയിലാണ് ഇത്രയും പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. മാർക്കറ്റിലെ വ്യാപാരികൾ, തൊഴിലാളികൾ, ജീവനക്കാർ, ചുമട്ട് തൊഴിലാളികൾ എന്നിവരിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി പാളയം മാർക്കറ്റിൽ കൊവിഡ് പടർന്ന് പിടിക്കുകയായിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ 20 ഒാളം കടകൾ അടച്ചിരുന്നു. മറ്റ് ചില കടകളാകട്ടെ ജീവനക്കാരെ കുറച്ചാണ് വ്യാപാരം നടത്തിയിരുന്നത്. എങ്ങനെയാണ് പാളയത്ത് കൊവിഡ് പടർന്നതെന്ന് വ്യക്തമല്ല. ഓണ സമയത്ത് പാളയം മാർക്കറ്റിൽ വൻ തിരക്ക് അനുഭവപ്പെട്ടിരുന്നെങ്കിലും കൊവിഡ് പടർന്നിരുന്നില്ല. അന്യ സംസ്ഥാനത്ത് നിന്ന് പച്ചക്കറിയുമായെത്തിയ വാഹനത്തിലുള്ളവരിൽ നിന്നാകാം കൊവിഡ് ബാധയുണ്ടായതെന്ന് സംശയിക്കുന്നു. കൊവിഡ് വ്യാപന തോതിൽ കോഴിക്കോട് നഗരത്തിന്റെ നില അതീവ ഗുരുതരമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ജില്ലയിൽ സ്ഥിരീകരിച്ച 394 പോസിറ്റീവ് കേസുകളിൽ 139 പേരും കോഴിക്കോട് കോർപ്പറേഷൻ പരിധിയിലുള്ളവരാണ്.