താമരശ്ശേരി : താമരശ്ശേരി - വരട്ട്യാക്കിൽ റോഡ് രണ്ടാംഘട്ട പ്രവൃത്തികൾക്കായി 6.23 കോടി അനുവദിച്ചു. റോഡ് നിർമ്മാണത്തിനായി പൊളിച്ചുമാറ്റിയ ചുറ്റുമതിലുകളും ഡ്രെയ്നേജ് സംവിധാനവും ഒരുക്കുന്നതിനാണ് ഈ തുക വിനിയോഗിക്കുകയെന്ന് കാരാട്ട് റസാഖ് എം എൽ എ അറിയിച്ചു.

കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി 36 കോടി രൂപ അനുവദിച്ചതാണ് നവീകരണ പദ്ധതി. നിലവിൽ റോഡ് പ്രവൃത്തി അന്തിമഘട്ടത്തിലെത്തിയിരിക്കുകയാണ്. താമരശ്ശേരി വരട്ട്യാക്കിൽ പഴയ റോഡ് നവീകരണത്തിന്റെ ഭാഗമായി വീതി കൂട്ടിയപ്പോൾ നിരവധി വ്യക്തികളുടെ സ്ഥലം സൗജന്യമായി ഏറ്റെടുത്തിരുന്നു. നിരവധി ചുറ്റുമതിലുകൾ പൊളിച്ചുനീക്കിയാണ് റോഡ് നവീകരണത്തിന് ആവശ്യമായ സ്ഥലം കണ്ടെത്തിയത്. ഇത്തരത്തിൽ പൊളിച്ചുനീക്കിയ ചുറ്റുമതിലുകൾ പൂർണമായും പുനർസ്ഥാപിക്കുന്നതിനും വീടുകളിലേക്ക് സഞ്ചാരയോഗ്യമായ വഴി നിർമ്മിച്ചു നൽകുന്നതിനും ആവശ്യമായ സ്ഥലങ്ങളിൽ ഡ്രെയ്നേജ് സംവിധാനം ഒരുക്കുന്നതിനുമാണ് 6.23 കോടി രൂപയുടെ പദ്ധതിയ്ക്ക് കിഫ്ബി ഭരണാനുമതി നൽകിയത്.

പദ്ധതിയ്ക്കായി ഭൂമി വിട്ടുനൽകിയ ജനങ്ങൾക്ക് നൽകിയ വാക്ക് സമയത്ത് പാലിക്കാൻ സാധിക്കുമെന്ന് കാരാട്ട് റസാഖ് എം.എൽ.എ പറഞ്ഞു. പദ്ധതി വേഗത്തിൽ നടപ്പാക്കാൻ സാങ്കേതികാനുമതി ഉടൻ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും. റോഡ് വികസനത്തിന് താമരശ്ശേരി വരട്ട്യാക്കിൽ നിവാസികൾ നൽകിയ സഹകരണം നാടിനാകെ മാതൃകയാണെന്നും
അദ്ദേഹം പറഞ്ഞു.