മുക്കം: മുക്കത്തിന്റെ മുഖച്ഛായ മാറ്റുന്ന പരിഷ്കരണം ആരംഭിക്കാനിരിക്കെ ഒരു വിഭാഗം വ്യാപാരികളും ഓട്ടോ റിക്ഷ തൊഴിലാളികളും ആശങ്കയറിയിച്ച് രംഗത്തെത്തി. ജോർജ് എം. തോമസ് എം.എൽ.എ ഇവരുടെ ആവശ്യ പ്രകാരം യോഗം വിളിച്ചു ചേർത്ത് പ്രശ്നം ചർച്ച ചെയ്തു. അങ്ങാടിയുടെ പ്രധാന ഭാഗമായ പി.സി റോഡിൽ നടത്തുന്ന നവീകരണത്തിലും അഭിലാഷ് ജംഗ്ഷൻ മുതൽ മുക്കം പാലം വരെയുള്ള നാല് വരി പാത നിർമ്മാണത്തിലുമാണ് ആശങ്ക.
പരിഹാരമുണ്ടാക്കാമെന്നും എന്നാൽ പദ്ധതി നിലവിലെ പ്ലാൻ പ്രകാരം തന്നെ നടത്തുമെന്നും എം.എൽ.എ വ്യക്തമാക്കി. ആവശ്യമായ സ്ഥലം ഏറ്റെടുക്കുകയും പൊതു സ്ഥലം കൈയേറി നിർമ്മിച്ച കെട്ടിടങ്ങളും സ്ഥാപനങ്ങളും നീക്കുകയും ചെയ്യും. നിയമാനുസൃതമായ രീതിയിൽ കച്ചവടം ചെയ്യുന്നവർക്ക് ഈ പരിഷ്കരണം കൊണ്ട് പ്രയാസമുണ്ടാകില്ലെന്നും എം.എൽ.എ അറിയിച്ചു.
ഓട്ടോറിക്ഷ തൊഴിലാളികൾക്കുമുണ്ട് ആശങ്ക. ഇവിടെ ട്രാക്കുകൾ റോഡിലാണ്. എന്നാൽ നഗരസഭ അനുവദിച്ച ട്രാക്കുകൾ ഉപയോഗിക്കാൻ ഓട്ടോറിക്ഷകൾക്ക് അനുമതിയുണ്ടാവുമെന്ന് മുക്കം നഗരസഭ ചെയർമാൻ അറിയിച്ചു. മുക്കം ടൗൺ പരിഷ്കരണ പ്രവൃത്തി സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരനാണ് ഉദ്ഘാടനം ചെയ്തത്.
ബജറ്റിൽ ഉൾപ്പെടുത്തിയ ഈ പദ്ധതിക്ക് 7.37 കോടി രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചതും ടെണ്ടർ നടപടികൾ പൂർത്തിയാക്കിയതുമാണ്. അഭിലാഷ് ജംഗ്ഷൻ മുതൽ മുക്കം പാലം വരെ നാലു വരി പാത, കലുങ്കുകൾ, ഡ്രൈനേജ്, ടൈൽ വിരിച്ച നടപ്പാത, ഹാൻഡ് റെയിൽ, പുല്ല് വിരിച്ച മീഡിയൻ, തെരുവുവിളക്കുകൾ എന്നിവയും ആലിൻചുവട് വരെ ബി.എം ആൻഡ് ബി.സി നിലവാരത്തിൽ റോഡും ആലിൻചുവട് മുതൽ പി.സി ജംഗ്ഷൻ വരെ ഇന്റർലോക്ക് വിരിച്ച പാതയുമാണ് ആദ്യഘട്ട പ്രവൃത്തിയിൽ ഉൾപ്പെടുത്തിയത്. സമഗ്ര മാസ്റ്റർ പ്ലാനിന്റെ ഭാഗമായുള്ള അടുത്തഘട്ടം അടുത്ത ബജറ്റിൽ ഉൾപ്പെടുത്തി തുക അനുവദിക്കും. കാസർകോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന നിർമാണ കമ്പനിയാണ് കരാർ ഏറ്റെടുത്തത്.