nizhaldrama
പ്രശാന്ത് കൊടിയത്തൂർ

കൊടിയത്തൂർ: പ്രകാശത്തിൻറെയും നിഴലിൻറെയും സമന്വയ കലാരൂപമായ നിഴൽനാടകത്തിൽ പുതിയ പരീക്ഷണങ്ങൾ തീർക്കുകയാണ് പ്രശാന്ത് കൊടിയത്തൂർ. പൊതുവെ അന്യംനിന്നു കൊണ്ടിരിക്കുന്ന ഈ കലാരൂപത്തിന് നൂതന രൂപവും ഭാവവും പകർന്ന് ജനകീയവത്കരിക്കാനുള്ള ശ്രമത്തിലാണ് ഈ കലാകാരൻ.

കഴിഞ്ഞ രണ്ടു മാസത്തെ പരിശ്രമഫലമായി പൂർത്തിയാക്കിയ പരീക്ഷണനാടകം യൂ ട്യൂബിലൂടെ നാടകാസ്വാദകർക്ക് മുന്നിലേക്ക് എത്തിച്ചിരിക്കുകയാണ്. ചലച്ചിത്രനടൻ മാമുക്കോയയാണ് റിലീസിംഗ് നിർവഹിച്ചത്. കാർഷിക സംസ്‌കാരം തിരിച്ചു പിടിക്കേണ്ടതിൻറതിലേക്ക് വിരൽ ചൂണ്ടുകയാണ് നാടകം.

കഥാപാത്രങ്ങളുടെ രൂപകല്പന പ്രശാന്ത് തന്നെ. ശബ്ദം നല്കിയതും ഛായാഗ്രഹണവുമെല്ലാം ഭാര്യ ശൈലജ ടീച്ചറും മക്കളായ നീരജ് പ്രശാന്ത് , കാർത്തിക് പ്രശാന്ത് എന്നിവരുടെ പങ്കാളിത്തത്തോടെയായായിരുന്നു.
പാവനാടകത്തിൻറെ അവാന്തരവിഭാഗമായ നിഴൽനാടകം വളരെ പ്രാചീനമായ പരമ്പരാഗത കലാരൂപമായാണ് കണക്കാക്കുന്നത്. തിരശ്ശീലയ്ക്കു പിന്നിൽ കഥാപാത്രങ്ങളുടെ നിഴൽ വീഴ്ത്തിയാണ് അവതരണം. തോൽപ്പാവക്കൂത്ത് എന്ന പേരിലും കൂടി അറിയപ്പെടുന്ന ഈ കലാരൂപം തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ ദേവീ ക്ഷേത്രങ്ങളിൽ അനുഷ്ഠാനത്തിന്റെ ഭാഗമായി അവതരിപ്പിക്കാറുണ്ട്.

വൈവിദ്ധ്യമാർന്ന പഠനതന്ത്രങ്ങൾക്കു പുറമെ അദ്ധ്യാപനത്തിന് പാവനാടകം ആവിഷ്‌കരിച്ചു നടപ്പാക്കിയതും കൂടി പരിഗണിച്ച് 2016 ൽ സംസ്ഥാന അദ്ധ്യാപക അവാർഡും 2017ൽ ദേശീയ അധ്യാപക അവാർഡും ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു.
ഡൽഹി ആസ്ഥാനമായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന സെൻറർ ഫോർ കൾച്ചറൽ റിസോഴ്‌സസിൽ നിന്നാണ് പാവനാടകത്തിൽ ആദ്യം പരിശീലനം ലഭിച്ചത്. തുടർന്ന് സിക്കിം, ആസാം, രാജസ്ഥാൻ, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഉപരിപഠനം പൂർത്തിയാക്കി.

പാവനാടകങ്ങളുമായി ബന്ധപ്പെട്ട പഠനസംബന്ധമായ വീഡിയോകളും പ്രശാന്ത് നേരത്തെ പുറത്തിറക്കിയിട്ടുണ്ട്.