nanma-maram
നന്മമരം സെക്രട്ടറി എൻ. ഗംഗാധരൻ ബെഡും ബെഡ്ഷീറ്റും നൽകുന്നു

കാഞ്ഞങ്ങാട്: എൻഡോസൾഫാൻ വിഷമഴയിൽ നിത്യരോഗിയായ മകളുടെയും വികലാംഗയായ ഇളയമ്മയുടെയും ചികിത്സയ്ക്കും പരിചരണത്തിനുമായി ജീവിതം മാറ്റിവെച്ച പോർക്കളം വയമ്പിനടുത്തെ കാലിച്ചാംപാറയിലെ ശാന്തകുമാരിയുടെ കഷ്ടപ്പാടിന് അറുതിയില്ല.
സംസാര ശേഷിയും ചലന ശേഷിയും ഇല്ലാത്ത 25 വയസുള്ള മകൾ വിജിത, വിധവയും വൃദ്ധയും വികാലംഗയുമായ ഇളയമ്മ ചീയേയി എന്നിവരുടെ ജീവിതം ചുമലിലേറ്റുകയാണ് ശാന്തകുമാരി.

മകൾ വിജിതയെ ചികിത്സിച്ചെങ്കിലും രോഗം ഭേദമായില്ല. മറ്റ് ബന്ധുക്കളാരുമില്ലാത്ത ചിയ്യേയി 6 വർഷമായി രക്തവാദം പിടിപെട്ട് ചികിത്സയിലുമാണ്. ഉള്ളതെല്ലാം വിറ്റുപെറുക്കിയും ബാങ്കിൽ നിന്ന് കടമെടുത്തും നാട്ടുകാരുടെ സഹായവും വാങ്ങിയാണ് ഇതിനുള്ള വക കണ്ടെത്തിയത്. അമ്പലത്തറ ജനമൈത്രി പൊലീസും പലപ്പോഴായി സഹായിച്ചു. സ്വന്തമായി വീടില്ലാത്തതോടെ പഞ്ചായത്ത് ഭവന പദ്ധതിയിൽ മൂന്നു ലക്ഷം രൂപ നൽകിയെങ്കിലും പ്രതീക്ഷിച്ചതിലധികം തുക ചിലവായതോടെ പണി പാതിയിൽ നിലച്ചു. അഗതി ആശ്രയ പദ്ധതി പ്രകാരം പഞ്ചായത്തിൽ നിന്നുള്ള സഹായം ലഭിക്കുന്നുണ്ട്. ലോക്ക്ഡൗൺ കാലത്ത് മരുന്നുകൾ സന്നദ്ധ പ്രവർത്തകർ സൗജന്യമായി എത്തിച്ചു നൽകിയത് ആശ്വാസമായിരുന്നു.

കഴിഞ്ഞ ദിവസം ഇരുവർക്കും സാന്ത്വനവുമായി കാഞ്ഞങ്ങാട് നന്മമരം പ്രവർത്തകരെത്തി. ചീയ്യേയിക്ക് പഞ്ചായത്തിൽ നിന്ന് കട്ടിൽ ലഭിച്ചെങ്കിലും കിടക്കയില്ലെന്നായിരുന്നു പരിഭവം. നന്മമരം പ്രവർത്തകർ ബെഡും ബഡ്ഷീറ്റും മറ്റ് സാമഗ്രികളും നൽകി. നന്മമരം സെക്രട്ടറി എൻ. ഗംഗാധരൻ, രാജപുരം പ്രസ്‌ഫോറം വൈസ് പ്രസിഡന്റ് ഇ.ജി രവീന്ദ്രൻ എന്നിവർ ഇവ വീട്ടിലെത്തിച്ചു.