alert
പാപ്പിനിശ്ശേരി ദേശീയപാതയിൽ ടെലിഫോൺ എക്‌സേഞ്ചിന് സമീപത്തെ ഭിത്തിയില്ലാത്ത കലുങ്കിന് നാട്ടുകാർ അപായ സൂചന നൽകി സ്ഥാപിച്ച പഴയ ചാക്കുകളും ഹെൽമെറ്റും

പാപ്പിനിശ്ശേരി: ദേശീയപാതാ അതോറിറ്റിയുടെ നിസംഗത കാരണം അപകടം ഒഴിവാക്കാൻ ഹെൽമറ്റും പഴയ ചാക്കുകളുമായി ഇറങ്ങി നാട്ടുകാർ. സ്ഥിരം അപകട മേഖലയായ പാപ്പാനിശ്ശേരി ടെലിഫോൺ എക്‌സേഞ്ചിന് സമീപമാണ് കലുങ്കിൽ ഇതൊക്കെ സ്ഥാപിച്ച് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുന്നത്. മൂന്ന് വർഷം മുൻപാണ് ലോറിയിടിച്ച് കലുങ്കിന്റെ ഭിത്തി തകർന്നത്. ഇത് പുനർ നിർമ്മിക്കാൻ ഇതുവരെ പൊതുമരാമത്ത് വകുപ്പ് ദേശീയ പാതാ വിഭാഗത്തിന് സാധിച്ചില്ല.
ഇതിനിടെ ഭിത്തിയില്ലാത്ത കലുങ്കിനടിയിലൂടെ കടന്നു പോകുന്ന തോട്ടിൽ വാഹനങ്ങൾ വീണ് 14 അപകടങ്ങൾ നടന്നു. ഇതിൽ ഒരാൾക്ക് ജീവനും നഷ്ടമായി. ഏതാനും മാസം മുൻപും ഒരു കാർ ഭിത്തിയില്ലാത്ത തോട്ടിൽ വീണിരുന്നു. തുടർന്നാണ് നാട്ടുകാർ പ്ലാസ്റ്റിക് ചാക്ക് കെട്ടിത്തൂക്കി അപായ സൂചന നൽകിയത്. ഇക്കാര്യം വാർത്തയായതോടെ പൊതുമരാമത്ത് റോഡ് വിഭാഗം എക്‌സി. എൻജിനീയർ ഭിത്തി പണിയുമെന്ന് പറഞ്ഞിരുന്നു. എന്നാൽ വാക്ക് പഴംചാക്കായെന്ന് നാട്ടുകാർ പറഞ്ഞു.