കോഴിക്കോട്: നിയന്ത്രണങ്ങൾ ഏതുമില്ലാതെ നഗരത്തിൽ ഉല്ലസിച്ച് നടക്കുന്ന പശുക്കൾ വാഹന യാത്രികർക്ക് ഭീഷണിയാകുന്നു. രാപ്പകൽ ഭേദമില്ലാതെയാണ് ഘടാഘടിയന്മാരായ കന്നുകാലികളുടെ വിളയാട്ടം. പശുക്കളും പോത്തും കൂട്ടമായി എത്തുന്നതോടെ ഗതാഗത തടസവും പതിവാണ്. അഞ്ചും ആറും എണ്ണം കൂട്ടമായാണ് നടക്കാറ്. പുതിയ ബസ് സ്റ്റാൻഡ്, പാളയം, കല്ലായി, ബീച്ച്, കോർപ്പറേഷൻ ഓഫീസ് തുടങ്ങിയ ഭാഗങ്ങളിലാണ് കന്നുകാലികൾ അലയുന്നത്. പഴം, പച്ചക്കറി മാലിന്യങ്ങളും റോഡുവക്കിലെ പുല്ലുകളുമാണ് ആഹാരം.
അറവു ശാലകളിലേക്ക് കൊണ്ട് വരുന്ന കന്നുകാലികളാണ് അലഞ്ഞ് തിരിയുന്നതെന്ന് നാട്ടുകാർ പറയുന്നു. മാസങ്ങൾക്ക് മുൻപ് കോർപ്പറേഷൻ ഇവയെ പിടികൂടി ലേലം ചെയ്തിരുന്നു. എന്നാൽ കൊവിഡ് കാരണം ഇപ്പോൾ നടപടികൾ നിർത്തിയതോടെ എണ്ണവും വർധിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിലാണ് കന്നുകാലികളെ പിടികൂടേണ്ടത്. അന്വേഷിച്ച് വന്നാൽ ഉടമകളിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്യും. ഉടമകൾ അന്വേഷിച്ച് വന്നില്ലെങ്കിൽ ലേലം ചെയ്യുകയാണ് പതിവ്. അഴിച്ചു വിടുന്ന കന്നുകാലികളുടെ ഉടമകൾക്കെതിരെ പൊലീസ് കേസ് എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തെരുവുനായ ശല്യവും രൂക്ഷമാണ്. ക്രിസ്ത്യൻ കോളേജ് പരിസരത്തും സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിന് സമീപവും രാത്രിയിൽ വഴി നടക്കാനും സാധിക്കുന്നില്ല.