palam
മൂന്നാം പെരിയ -പുത്തൻപീടിക പുഴയ്ക്ക് കുറുകെ സ്ഥാപിച്ച താത്കാലിക നടപ്പാലം

കുറ്റ്യാടി: വയനാടൻ മലനിരകളോട് ചേർന്ന് കിടക്കുന്ന കാവിലുംപാറ പഞ്ചായത്തിലെ രണ്ട് വാർഡുകളെ ബന്ധിപ്പിക്കുന്ന മൂന്നാം പെരിയ, പുത്തൻപീടിക പുഴയ്ക്ക് കുറുകെ കോൺക്രീറ്റ് പാലം പണിയണമെന്ന് ആവശ്യം.തൊട്ടിൽപാലം, വയനാട് അന്തർ സംസ്ഥാന പാതയിലെ പൂതംമ്പാറയിൽ നിന്നും വലത് വശം തിരിഞ്ഞ് പൊയിലോംചാൽ, മുറ്റത്ത് പ്ലാവ്, പൂഴിത്തോട്, പശുക്കടവ് ഭാഗത്തേക്ക് മൂന്നാം പെരിയ പുഴ കടന്ന് എളുപ്പത്തിൽ എത്താൻ കഴിയുന്നതാണ് വഴി.

നിലവിൽ ഏത് നിമിഷവും തകരാവുന്ന ഒരു നടപ്പാലമാണ് ഇവിടെയുള്ളത്. പാലത്തിന് കീഴെയുള്ള പുഴയിൽ ഉരുളൻ പാറകൾ നിറഞ്ഞ് നിൽക്കുന്നതിന്ന് പുറമെ കനത്ത ഒഴുക്കും അനുഭവപെടാറുണ്ട്. ഏതാനും വർഷം മുൻപ് പാലത്തിൽ നിന്നും വീണ് ഒരാൾക്ക് ജീവൻ നഷ്ടമായിരുന്നു.

പുഴയോരത്തും സമീപ പ്രദേശങ്ങളിലുമായി ഏകദേശം ഇരുന്നൂറോളം കുടുംബങ്ങൾ താമസക്കാരായുണ്ട്. സമീപത്തെ മൂന്നാം പെരിയ അംഗൻവാടി, പൂതംമ്പാറ സെന്റ് ജോസഫ് സ്‌കൂൾ, മറ്റ് അത്യാവശ്യ കേന്ദ്രങ്ങളിലേക്കും വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറ് കണക്കിനാളുകൾ പോയി വരുന്ന വഴിയിൽ കോൺക്രീറ്റ് പാലം പെട്ടെന്ന് വേണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു. 2019 സാമ്പത്തിക വർഷത്തിൽ ഉൾപെടുത്തി കെ. മുരളീധരൻ എം.പിയുടെ ആസ്ഥി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ പാലം പണിക്ക് വേണ്ടി അനുവദിച്ചിരുന്നു. എന്നാൽ കൊവിഡിന്റെ പ്രത്യേക സാഹചര്യം കാരണമാണ് തുടർ നടപടികൾ വൈകുന്നതെന്ന് കാവിലുംപാറ ഗ്രാമ പഞ്ചായത്ത് അംഗം റോണി മാത്യു പറയുന്നു.