sanad

കോഴിക്കോട്: സൗദി അറേബ്യയിലെ ദമാമിലുണ്ടായ കാറപകടത്തിൽ മൂന്ന് മലയാളി യുവാക്കൾ മരിച്ചു.

കോഴിക്കോട് മിനി ബൈപാസിൽ കണ്ണഞ്ചേരി പാറക്കാട് മാളിയേക്കൽ മുഹമ്മദ് റഫിയുടെ മകൻ മുഹമ്മദ് സനദ് (22), വയനാട് കുഞ്ഞോം ചക്കര വീട്ടിൽ അബൂബക്കറിന്റെ മകൻ അൻസിഫ് (22), മലപ്പുറം താനൂർ കുന്നുമ്പുറം തൈക്കാട് വീട്ടിൽ മുഹമ്മദ് ഷഫീഖ് (22) എന്നിവരാണ് മരിച്ചത് .

ഇന്നലെ പുലർച്ചെ ദമാം കോബാറിൽ ദഹ്‌റാൻ മാളിനടുത്തായിരുന്നു അപകടം. ഇവർ ഓടിച്ചിരുന്ന കാർ സർവീസ് റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് ഇറങ്ങവെ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചാണ് അപകടം.

മൂന്നു പേരും തത്ക്ഷണം മരിച്ചു. മൃതദേഹങ്ങൾ ദമാം മെഡിക്കൽ കോംപ്ലക്‌സ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ദമാം ഇന്ത്യൻ സ്‌കൂൾ പൂർവവിദ്യാർത്ഥികളായിരുന്നു ഇവർ. മുഹമ്മദ് സനദ് ബഹ്റിനിൽ പഠിക്കുകയായിരുന്നു. അൻസിഫ്, മുഹമ്മദ് ഷഫീഖ് എന്നിവർ ദമാമിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരും.

സബിതയാണ് സനദിന്റെ മാതാവ്. സഹോദരങ്ങൾ: അബിഹ (സോണി), ഇഹ്‌സാൻ.

അൻസിഫിന്റെ മാതാവ് സെലീന. സഹോദരങ്ങൾ: ആഷിഖ്, അഫ്‌ന, മുഹമ്മദ്, ഫാത്തിമ.