കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തെ തകർക്കാനുള്ള ഗൂഢ നീക്കങ്ങൾക്കെതിരെ എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ പാതയോര സമരം നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോഴിക്കോട്, മലപ്പുറം ദേശീയ പാതയിലെ 54 കി.മീ. ദൂരം മുഴുവൻ ടൗണുകളിലും ഇരുപതുപേർ വീതമാണ് സമരത്തിൽ പങ്കാളികളാകുക. വൈകീട്ട് അഞ്ചിന് ആരംഭിക്കുന്ന സമരം കൊവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും. ഐക്യദാർഢ്യം പ്രകടിപ്പിച്ച് പാലക്കാട്, മലപ്പുറം വെസ്റ്റ്, വയനാട് ജില്ലകളിലും നാഷണൽ ഹൈവേകൾ കേന്ദ്രീകരിച്ച് അനുബന്ധ സമരങ്ങൾ നടക്കും. പാലക്കാട് കരിങ്കല്ലത്താണി മുതൽചിറക്കൽപടിവരെയും, മലപ്പുറം വെസ്റ്റിൽ ഇടിമുഴിക്കൽ മുതൽ ചങ്ങരംകുളം വരെയും, കോഴിക്കോട് ജില്ലയിൽ അരയിടത്തുപാലം മുതൽ അടിവാരം വരെയും, മുതലക്കുളം മുതൽ വടകര കുഞ്ഞിപ്പള്ളിവരെയും, വയനാട് ലക്കിടി മുതൽ മുത്തങ്ങ വരെയും ഐക്യദാർഢ്യ സമരം നടക്കും. സെക്രട്ടറി എസ്. ശറഫുദ്ദീൻ, അബൂബക്കർ പടിക്കൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.